പള്ളിക്കത്തോട്: പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ കേരളാ കോൺഗ്രസിലെ ഷാജി ഐസക് വിജയിച്ചു. ഷാജിക്ക് ഏഴ് വോട്ടും ബി.ജെ.പി സ്ഥാനാർഥി വിപിന ചന്ദ്രന് അഞ്ചു വോട്ടും ലഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിജി അഞ്ചാനി യു.ഡി.എഫിലെ ധാരണ പ്രകാരം രാജി വച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫ് - 5, എൽ.ഡി.എഫ് - 2, ബി.ജെ.പി - 5 എന്നിങ്ങനെയാണു 13 അംഗ പഞ്ചായത്തിലെ കക്ഷി നില. യു.ഡി.എഫിലെ ഒരംഗം അയോഗ്യയായതിനെത്തുടർന്നാണ് യു.ഡി.എഫ് , ബി.ജെ.പി. കക്ഷി നില തുല്യമായത്. കേരളാ കോൺഗ്രസ് അംഗമായിരുന്ന മോളി ജോർജാണ് ഏതാനും മാസം മുമ്പ് അയോഗ്യയാക്കപ്പെട്ടത്. ഇടതുമുന്നണി യു.ഡി.എഫിനെ പിന്തുണച്ചില്ലായിരുന്നെങ്കിൽ നറുക്കെടുപ്പിലേയ്ക്ക് നീങ്ങിയേനെ. ബി.ജെ.പിയെ ഒഴിവാക്കാൻ ഇടതുമുന്നണി യു.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
പഞ്ചായത്ത് ആറാം വാർഡ് അംഗമാണ് പള്ളിക്കത്തോട്ടിലെ വ്യാപാരി കൂടിയായ ഷാജി ഐസക്ക്. അതേസമയം, പള്ളിക്കത്തോട്ടിലെ ഇടതു - വലതു കൂട്ടുകെട്ട് എൽ.ഡി.എഫിന്റെ സംസ്ഥാന ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരി ആരോപിച്ചു. യു.ഡി.എഫിനെ തോല്പിച്ചു കടന്നു വന്ന എൽ.ഡി.എഫ്. ജനപ്രതിനിധികൾ യു.ഡി.എഫിനു വോട്ടു ചെയ്തു പ്രസിഡന്റിനെ തിരഞ്ഞെടുത്തതോടെ, വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും ഹരി ആരോപിച്ചു.