പാലാ : കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് ഉത്സവം 14 ന് ആരംഭിക്കും. രാവിലെ 10.30ന് ഉത്സവത്തിന്റെ ഔദ്യോഗിക വിളംബര സമ്മേളനം 'വിശ്വമോഹനം" ശബരിമല മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തന്ത്രി നീലകണ്ഠൻ നമ്പൂതിരി അന്നദാന പദ്ധതിയുടെയും, ഗുരുവായൂർ മുൻ മേൽശാന്തി ശ്രീഹരി നമ്പുതിരി തീർത്ഥാടനകാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. ശബരിമല തീർഥാടകരുടെ ഇടത്താവളമായ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. അയ്യപ്പഭക്തർക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമായി നൽകും. ആരോഗ്യകരമായ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ 'തത്വമസി' എന്ന അന്നദാന പദ്ധതിയിലൂടെ രാവിലെ 9 നും വൈകുന്നേരം 7നും അന്നദാനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും. ആയുർവേദ - ഹോമിയോ അലോപ്പതി ക്ലിനിക്കുകളും, 24 മണിക്കൂർ ആംബുലൻസ്, പൊലീസ് സേവനവും ലഭ്യമാണ്.