പള്ളിക്കത്തോട് : എൽ.ഡി.എഫ് പിന്തുണയോടെ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ ഷാജി ഐസക് വിജയിച്ചു. ഷാജിക്ക് 7 വോട്ടും , ബി.ജെ.പി സ്ഥാനാർത്ഥി വിപിന ചന്ദ്രന് 5 വോട്ടും ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിജി അഞ്ചാനി യു.ഡി.എഫ് ധാരണ പ്രകാരം രാജിവച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. യു.ഡി.എഫ് : 5, എൽ.ഡി.എഫ് : 2, ബി.ജെ.പി : 5 എന്നിങ്ങനെയാണ് 13 അംഗ പഞ്ചായത്തിലെ കക്ഷിനില. കേരള കോൺഗ്രസ് അംഗമായിരുന്ന മോളി ജോർജ് അയോഗ്യയായതിനെ തുടർന്നാണ് യു.ഡി.എഫ് , ബി.ജെ.പി. കക്ഷിനില തുല്യമായത്. ഇടതുമുന്നണിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ നറുക്കെടുപ്പിലേക്ക് നീങ്ങിയേനെ. ബി.ജെ.പിയെ ഒഴിവാക്കാൻ ഇടതുമുന്നണി യു.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. പഞ്ചായത്ത് ആറാം വാർഡ് അംഗമാണ് പള്ളിക്കത്തോട്ടിലെ വ്യാപാരി കൂടിയായ ഷാജി ഐസക്ക്. അതേസമയം, പള്ളിക്കത്തോട്ടിലെ ഇടതു - വലതു കൂട്ടുകെട്ട് എൽ.ഡി.എഫിന്റെ സംസ്ഥാന - ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരി ആരോപിച്ചു. യു.ഡി.എഫിനെ തോല്പിച്ചു കടന്നു വന്ന എൽ.ഡി.എഫ്. ജനപ്രതിനിധികൾ യു.ഡി.എഫിനു വോട്ടു ചെയ്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തതോടെ, ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.