കാണക്കാരി: മികച്ച ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള 'അക്ഷയ ഊർജ്ജ അവാർഡ്-2018' കാണക്കാരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി. ചെറിയാൻ ഏറ്റുവാങ്ങി. മുൻ പ്രസിഡന്റ് ചെറിയാൻ മാത്യു, പഞ്ചായത്ത് സെകട്ടറി ബെന്നി ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അക്ഷയ ഊർജ വ്യാപനത്തിനും ഊർജ ഉപകരണങ്ങളുടെ വ്യാപക ഉപയോഗത്തിനും മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള അവാർഡാണിത്. പരിസ്ഥിതി സൗഹൃദവും ഒരിക്കൽ മുതൽ മുടക്കിയാൽ 25 വർഷം വരെ തടസമില്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതുമായ സോളാർ പദ്ധതിയാണ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസ് പ്രവർത്തനത്തിനുള്ള മുഴുവൻ വൈദ്യുതിയും സൗരോർജത്തിൽ നിന്നാണ് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ കെ.എസ്.ഇ.ബി യുടെ വൈദ്യുതി വിതരണത്തിലുണ്ടാകുന്ന തടസങ്ങളൊന്നും കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കില്ല.
മൂന്നര ഏക്കർ വിസ്തീർണ്ണമുള്ള ചിറകുളത്തിലേക്ക് മലിനജലം ഒഴുകിയിറങ്ങാതെ കരിങ്കല്ല് കെട്ടി സംരക്ഷിച്ച് ചുറ്റും നടപ്പാതയും കൈവരിയും നിർമ്മിച്ച് മനോഹരമാക്കിയതോടെ വൈകുന്നേരങ്ങളിൽ കുളക്കരയിൽ നടപ്പുകാരുടെ തിരക്കായി. ആളുകൾ എത്തിത്തുടങ്ങിയതോടെ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാൻ 13 സോളാർ വിളക്കുകളും സ്ഥാപിച്ചുനൽകി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സോളാർ വിളക്കുകൾ സ്ഥാപിച്ചു. അവശേഷിക്കുന്ന സ്ഥലങ്ങളിൽ ഈ വർഷം പുതിയ വഴിവിളക്ക് സ്ഥാപിക്കുന്നതിന് 39 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ പഞ്ചായത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ സൗരോർജത്താൽ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിന് 8 ലക്ഷംരൂപ ചെലവിൽ 30 സോളാർ പാനലുകൾ
15 വാർഡുകളിലായി 300 സോളാർ വഴിവിളക്കുകൾ സ്ഥാപിച്ചു
കൂടുതൽ വഴിവിളക്ക് സ്ഥാപിക്കുന്നതിന് 39 ലക്ഷം രൂപയുടെ പുതിയ പദ്ധതിക്ക് അംഗീകാരം
പൂർണമായും സോളാർ വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 23 നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള പുതിയ പദ്ധതിക്കും അംഗീകാരം.
'ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് സമയബന്ധിതമായി നടപ്പിലാക്കുന്നതിലും ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഓഫീസിന്റെ പ്രവർത്തനത്തിന് സൗരോർജം പ്രയോജനപ്പെടുത്താനായത് വലിയ നേട്ടമായി. പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട യാതൊരു സേവനവും വൈദ്യുതി ഇല്ലെന്ന കാരണത്താൽ തടസപ്പെടില്ല.'
:- ബിനോയി പി. ചെറിയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്