കോട്ടയം : അരിച്ചാക്കിൽ അലുമിനിയം ഫോസ്ഫൈഡ് കണ്ടെത്തിയതിനെത്തുടർന്ന് അടച്ചുപൂട്ടിച്ച ഏറ്രുമാനൂർ കൊച്ചു പുരയ്ക്കൽ ട്രേഡേഴ്‌സിന്റെ അതിരമ്പുഴ ഗോഡൗണിൽ നിന്നു വീണ്ടും കീടനാശിനികൾ കണ്ടെത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം തഹസിൽദാരുടെ പരിശോധനയിലാണ് 13 കീടനാശിനി കവറുകൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30 ഓടെ ഏറ്റുമാനൂരിലെ കടയിൽ പരിശോധന നടത്തിയശേഷം കട സീൽ ചെയ്തുപൂട്ടി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് പേരൂർ കവലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇവരുടെ തന്നെ ഗോഡൗണിൽ നിന്നു എത്തിച്ച അരിച്ചാക്കുകൾക്കിടയിൽ മാരക കീടനാശിനി കലർന്നതായി കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് അരിച്ചാക്ക് ഇറക്കിയ തൊഴിലാളികൾക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു. തഹസിൽദാർ ഗീതാകുമാരി, ആർ ഡി ഓ അനിൽ ഉമ്മൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജ് കെ മത്തായി, കാഞ്ഞിരപ്പള്ളി ഭക്ഷ്യ സുരക്ഷ ഓഫീസർ എം.ടി ബേബിച്ചൻ, ഏറ്റുമാനൂർ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ ഡോ.തെരസിലിൻ ലൂയിസ്, ഏറ്റുമാനൂർ വില്ലേജ് ഓഫീസർ പി.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന പൂർത്തിയാക്കിയത്.