കോട്ടയം: പ്രസവത്തോടെ മരണപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ വൈകിച്ചത് സംബന്ധിച്ച് ഏറ്റുമാനൂർ നഗരസഭ സെക്രട്ടിക്ക് ജില്ല ശിശുക്ഷേമസമിതിയുടെ കാരണം കാണിക്കൽ നോട്ടീസ്. 18ന് ഉച്ചക്ക് 12ന് സെക്രട്ടറി ശിശുക്ഷേമസമിതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് നഗരസഭ സാങ്കേതിക കാരണങ്ങൾ നിരത്തി ശ്മശാനത്തിൽ സൗകര്യം നൽകാതിരുന്നത് വിവാദമായിരുന്നു. 36 മണിക്കൂറിന് ശേഷം സ്ഥലം അനുവദിച്ചെങ്കിലും തൊഴിലാളികളെ വിട്ടുനൽകിയില്ല. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം സംസ്കരിച്ചത്. നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം തേടി പൊലീസ് നെട്ടോട്ടമോടിയപ്പോഴൊന്നും ഇടപെടാതിരുന്ന ശിശുക്ഷേമസമിതി നാലുദിവസത്തിന് ശേഷമാണ് മുനിസിപ്പൽ സെക്രട്ടറിക്ക് എതിരെ നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.