കോട്ടയം: ശബരിമല തീർത്ഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി മോട്ടോർ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് സോൺ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് നടക്കും. ഇലവുങ്കൽ സേഫ്‌സോൺ മെയിൻ കൺട്രോളിംഗ് ഓഫീസിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
രാജുഎബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പട്രോളിംഗ് ഫ്ളാഗ് ഒഫ്, ആന്റോ ആന്റണി എം.പി യും പദ്ധതിയുടെ റിപ്പോർട്ട് പ്രകാശനം ട്രാൻസ്പോർട്ട് റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഡിയും നിർവഹിക്കും. എം.എൽ.എമാരായ വീണാ ജോർജ്, പി.സി. ജോർജ്, ഗതാഗത, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജില്ലാ കളക്ടർ പി.ബി നൂഹ്, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തുടങ്ങിയവർ പങ്കെടുക്കും.
24 മണിക്കൂർ
24 സ്ക്വാഡുകൾ
ഈ മാസം 16 മുതൽ 2020 ജനുവരി 20 വരെ സേഫ് സോൺ മേഖലയായ ശബരിമല പാതകളിൽ 24 മണിക്കൂറും പട്രോളിംഗ് നടത്തി അപകടരഹിതമായ ഒരു തീർത്ഥാടനകാലം ഭക്തർക്ക് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലേക്കായി എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ട് സബ് ഡിവിഷനുകളും പ്രവർത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേഫ് സേൺ പദ്ധതിപ്രകാരം ഇലവുങ്കൽ, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്ക്വാഡുകൾ പ്രവർത്തിക്കും.
400 കിലോമീറ്റർ
സേഫ്‌സോൺ
ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.ശ്രീലേഖ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരായ മുരളി കൃഷ്ണൻ, അജിത് കുമാർ, സ്പെഷ്യൽ ഓഫീസർ പി.പി സുനിൽ ബാബു, നോഡൽ ഓഫീസർ ഡി.മഹേഷ്, പത്തനംതിട്ട ആർ.ടി.ഒ: ജിജി ജോർജ് എന്നിവരാണ് സേഫ് സോൺ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
18 പെട്രോളിംഗ് വാഹനങ്ങളും സൂപ്പർ വിഷനും മറ്റ് ആവശ്യങ്ങൾക്കായി 21 വാഹനങ്ങളും പദ്ധതിയുടെ ഭാഗമാകും.
അപകടമുണ്ടായാൽ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ആശുപത്രികളിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവയുടെ ആംബുലൻസ് സർവീസുകൾ ഏർപ്പെടുത്തും.
40 ടൺ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കൽ കേന്ദ്രീകരിച്ച് ടയർ പഞ്ചർ/ റിപ്പയർ മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 35 വാഹന നിർമാതാക്കളുടെ 90 മെക്കാനിക്കൽ ടീമുകളും പ്രവർത്തന സജ്ജമാണ്.