തിരുവല്ല: ആൾ താമസമില്ലാത്ത വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് കാറുമായി കടന്നു. അടുക്കളയിൽ കയറി ഓംലറ്റും ഉണ്ടാക്കി കഴിച്ചിട്ടാണ് മോഷ്ടാവ് സ്വിഫ്റ്റ് ഡിസയറിൽ കയറി സ്ഥലം വിട്ടത്. കാറിന്റെ താക്കോൽ മേശപ്പുറത്തുതന്നെ ഉണ്ടായിരുന്നതിനാൽ അതിനായി അധികം തിരയേണ്ടിയും വന്നില്ല.

തിരുവല്ല നഗരത്തിലെ തീപ്പനി പറമ്പിൽ പുത്തൻവീട്ടിൽ സജീവ് മാത്യുവിന്റെ പോർച്ചിൽ കിടന്ന കാറാണ് അപഹരിച്ചത്. വീട്ടുകാർ രണ്ടുദിവസംമുമ്പ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി ബംഗളൂരുവിൽ പോയിരിക്കുകയായിരുന്നു. ഇന്നലെ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് താക്കോലെടുത്ത് കാർ ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. വീടിന്റെ പിൻവാതിലും തുറന്നിട്ട നിലയിലായിരുന്നു. മേശയും അലമാരയുമൊക്കെ തുറന്ന് പരിശോധിട്ടുണ്ടെങ്കിലും മറ്റൊന്നും നഷ്ടമായില്ല. വിരലടയാള വിദഗ്ദരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.