കോട്ടയം: അതിരമ്പുഴയിൽ സ്റ്റേഷനറികട പൂർണമായി കത്തിനശിച്ചു. ചന്തയ്ക്കകത്തെ പനേഴ്സ് സ്റ്റേഷനറി ഹോൾസെയിൽ ആന്റ് റീട്ടെയിൽസ് എന്ന കടയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ അഗ്നിക്കിരയായത്. കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കാൽനടയാത്രക്കാരനാണ് ആദ്യം കണ്ടത്. തുടർന്ന് ഇയാൾ നാട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. അവരാണ് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിച്ചത്. സി.ഐ എ.ജെ.തോമസ് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്ന് രണ്ടുയൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.രാവിലെ എട്ടുമണിക്കും പുക ഉയരുന്നുണ്ടായിരുന്നു. കദളിമറ്റം തളയ്ക്കൽ ഗോപാലന്റേ ഉടമസ്ഥതയിലുള്ളതാണ് പനേഴ്സ് സ്റ്റോഴ്സ്.

പത്തു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. കോട്ടയം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശിവദാസ്, അസി.സ്റ്റേഷൻ ഓഫീസർ വി.സാബു എന്നിവരുടെ നേതൃത്വത്തിൽ ഓഫീസർമാരായ കെ.ടി.സലിം, ഉദയഭാനു, കൃഷ്ണരാജ്, സി.എസ്. അരുൺ, റോഷൻ, ജ്യോതികുമാർ, കുഞ്ഞുമോൻ, ഇ.ജെ.അജയകുമാർ, അബ്ദുൾ റഷീദ്, സനൽ ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.