ഇത്തിത്താനം: കുന്നലിക്കപ്പടി നിവാസികളുടെ യാത്രാദുരിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒാരോ ദിവസം പിന്നിടുമ്പോൾ ദുരിതം ഇരട്ടിച്ചെന്ന് മാത്രം. ഇപ്പോൾ യാത്രാമാർഗം പൂർണമായും അടഞ്ഞ അവസ്ഥയാണ്. ഒന്ന് വഴിനടക്കാൻ റെയിൽവേ അധികൃതരുടെ കാലുപിടിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കുന്നലിക്കപ്പടി നിവാസികൾ. ഏറെക്കാലമായി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള റോഡിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഈ യാത്രാമാർഗവും റെയിൽവേ തടയുകയായിരുന്നു. എന്നാൽ സുരക്ഷ കണക്കിലെടുത്താണ് ഗതാഗതം നിരോധിച്ചിരിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ പറയുന്ന ന്യായം. യാത്രാമാർഗം അടഞ്ഞതോടെ നൂറിലേറെ കുടുംബങ്ങളാണ് ദുരിതത്തിലായത്. കഴിഞ്ഞദിവസം, രോഗിയായ വീട്ടമ്മയെ ഈ ഭാഗത്തുകൂടി ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്
നിവേദനങ്ങൾക്ക്
പുല്ലുവില
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേയ്ക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ടിരുന്നു. റെയിൽവേയുടെ വിവിധ ഭാഗങ്ങളിൽ ലൈനിനോട് ചേർന്ന് വേലികെട്ടി സുരക്ഷ ഒരുക്കുന്നുണ്ട്. എന്നാൽ, കുന്നലിക്കപ്പടിയിൽ മാത്രം ഇതും നടപ്പാക്കുന്നില്ല. രണ്ട് മീറ്റർ ഉള്ളിലേക്ക് വേലി നീക്കിയാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, വിഷയത്തിൽ അടിയന്തരനടപടി വേണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. ജനങ്ങളുടെ ദുരിതം ബോധ്യപ്പെട്ട് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ.മഞ്ജീഷ് ആവശ്യപ്പെട്ടു.