കോട്ടയം: ശമ്പളമില്ലാത്തതിനെ തുടർന്ന് ബി.എസ്.എൻ.എൽ ജീവനക്കാർ സമരത്തിലായതോടെ ജില്ലയിൽ പ്രവർത്തന രഹിതമായത് അയ്യായിരത്തിലേറെ ലാൻഡ്ഫോൺ കണക്ഷനുകൾ. വേതന കുടിശിക ആവശ്യപ്പെട്ട് അഞ്ഞൂറോളം കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഒന്നര മാസമായി നടത്തുന്ന സമരമാണ് കേടാകുന്ന ഫോണുകളുടെ എണ്ണം കൂടാൻ കാരണം. പരാതി കൊടുത്തു മടുത്ത ഉപഭോക്താക്കൾ ഫോണുമായി കണക്ഷൻ ഒഴിവാക്കാൻ ചെന്നാൽ അതിനും സമ്മതിക്കില്ല. ഇൻകമിംഗ് കോളുകൾ താൽക്കാലികമായി മൊബൈൽ ഫോണിലേയ്ക്ക് കിട്ടാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. അതിനു നിശ്ചിത നിരക്കു നൽകുകയും വേണം. മുൻപും ലാൻഡ് ഫോണുകൾ നന്നാക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് തന്നെയായിരുന്നു.
പ്രതിവർഷ വാടക മുൻകൂറായി അടച്ചവർ പോലും ഇപ്പോൾ ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ കിട്ടാതെ വലയുകയാണ്. ഇത് നഷ്ടം ഇരട്ടിയാക്കുന്നു. സമരം ഒഴിവാക്കുന്നതിന് ഒരു നടപടിയും എടുക്കുന്നില്ല. ജീവനക്കാരെ മാനസികമായി തളർത്തി സ്വയം വിരമിക്കുന്ന നിലയിലേയ്ക്ക് എത്തിക്കുകയാണ് . ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഉപഭോക്താക്കളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട്. സർക്കാർ ഓഫീസുകളിൽ വരെ ഇപ്പോൾ ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകൾ കാഴ്ച വസ്തുവായി. അഗ്‌നിശമന സേന ഓഫീസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകാർക്കും പണികിട്ടിയിട്ടുണ്ട്. അത്യാഹിതം ഉണ്ടായാൽ സഹായം തേടുന്നതിനുള്ള ഫോൺ പോലും പ്രവർത്തിപ്പിക്കുന്നതിനു നടപടിയുണ്ടാകുന്നില്ല. വിവിധങ്ങളായ അപേക്ഷകളിൽ പരിഹാരം തേടി വിദൂരങ്ങളിൽ നിന്നു വരെ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നവർക്ക് ലാൻഡ് ഫോണുകൾ എടുക്കാതായതോടെ ദുരിതം ഇരട്ടിയായി.
ഒന്നരമാസമായി തൊഴിലാളികൾ സമരത്തിൽ
ടെക്നിക്കൽവിഭാഗം കരാർ തൊഴിലാളികൾ 220
ജില്ലയിൽ 1.3 ലക്ഷം ലാൻഡ് ഫോൺ കണക്ഷൻ
കണക്ഷൻ മാറാൻ അധികൃതർ സമ്മതിക്കുന്നില്ല
ടെലിഫോൺ
എക്‌സ്‌ചേഞ്ചുകൾ
105
'' ശമ്പളം കിട്ടാതെ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ആത്മഹത്യചെയ്തു. സമരംമൂലം സാധാരണക്കാർക്കുണ്ടാകുന്ന പ്രശ്നങ്ങൾ മനസിലാക്കാഞ്ഞിട്ടല്ല. പക്ഷേ, എത്രനാൾ ശമ്പളമില്ലാതെ ജോലിചെയ്യാൻ കഴിയും''
കെ.ജി. രാജീവ്, കരാർ തൊഴിലാളി