വെച്ചൂർ: കണക്കുകൾ പിഴച്ചു. കാലാവസ്ഥ വ്യതിയാനങ്ങളിൽ നട്ടെല്ല് തകർന്ന് നെൽകർഷകർ. കാലാവസ്ഥയിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങൾ അപ്പർകുട്ടനാട്ടിലെ വെച്ചൂർ, തലയാഴം, ആർപ്പൂക്കര, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ നെൽകൃഷിക്ക് വലിയ നാശമാണ് വരുത്തിയത്. വിത സമയത്ത് മഴ ആവശ്യത്തിന് ഇല്ലാതിരുന്നതിനാൽ നെൽച്ചെടികൾ കരിഞ്ഞ് നശിച്ചു. പിന്നീട് രണ്ടും മൂന്നും വട്ടം വിതച്ചു. പുളി പിടിച്ച മണ്ണിൽ നെൽച്ചെടികൾ പിടിപ്പിച്ചെടുക്കാൻ നന്നെ പാടുപെട്ടു കർഷകർ. പുളി മാറ്രുന്നതിനായി കക്ക വിതറുന്നതിന് പണവും ഒരുപാട് വേണ്ടി വന്നു. തുടർന്നുണ്ടായ വെള്ളപ്പൊക്കവും നിരന്തരമായ വേലിയേറ്റവും മൂലം പുറം ബണ്ട് തകർന്ന് പാടശേഖരങ്ങളിൽ മട വീണും വെള്ളം കരകവിഞ്ഞു കയറിയും കൃഷി നശിച്ചു. പുറംബണ്ടുകളുടെ സംരക്ഷണത്തിന് പാടശേഖര സമിതികൾക്ക് ഭീമമായ തുകയാണ് ചെലവിടേണ്ടി വന്നത്. കർഷ്കർക്ക് ഏക്കറിന് 30000 രുപയോളം നഷ്ടമുണ്ടായി. കൊയ്ത്ത് യന്ത്രങ്ങൾക്ക് മണിക്കൂറിന് 1650 മുതൽ 2250 രുപ വരെ കർഷകർ നൽകേണ്ടി വന്നു. സർക്കാർ ഇടപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
മൂഞ്ഞയുടെ ആക്രമണവും
അവശേഷിച്ച നെൽച്ചെടികളിൽ കതിരായപ്പോഴായിരുന്നു മൂഞ്ഞയുടെ ആക്രമണം. അതുംകൂടിയായപ്പോൾ കൃഷി നഷ്ടം പൂർണ്ണമായി. കീടനാശിനിക്ക് മാത്രം പതിവിന്റെ പല മടങ്ങാണ് ചെലവായത്. ഇപ്പോൾ നശിച്ച നെല്ല് കൊയ്ത് മാറ്റാൻ കൊയ്ത്ത് യന്ത്രങ്ങൾക്കടക്കം നൽകാൻ വൻതുക കണ്ടെത്തണം. ചെലവുകൾ താങ്ങാനാവാത്തത് കാരണം പലരും നെൽകൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.
സി.എസ്.രാജു
( സി.പി.ഐ എം.എൽ റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി)
കർഷകരുടെ നഷ്ടം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൃഷിറവന്യൂ അധികൃതർ സ്വീകരിക്കണം. നിലവിൽ നെൽകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരെയെങ്കിലും ഈ രംഗത്ത് നിലനിർത്താൻ സർക്കാർ മുൻകൈയ്യെടുക്കണം.