vdakdth-rd

കറുകച്ചാൽ: ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ വടക്കേത്ത്പടി-മാമ്പതി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കത്താൽ പൂർണമായി തകർന്നതോടെ കാൽനട പോലും ദുഷ്‌ക്കരമായിരിക്കുകയാണ്. കോട്ടയം-കോഴഞ്ചേരി റോഡിൽ നിന്നും മാമ്പതി, ശാന്തിപുരം, കുറ്റിക്കൽ തുടങ്ങിയ പ്രദേശത്തേക്ക് പോകുവാനായി നൂറുകണക്കിന് കുടുംബങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. പലഘട്ടങ്ങളിലായി കഷ്ടിച്ച് 200 മീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. ഇതും കാലപ്പഴക്കത്താൽ തകർന്നു. മഴ പെയ്തു കഴിഞ്ഞാൽ വെള്ളം ഒഴുകാതെ റോഡിൽ ചെളി കുഴഞ്ഞു കിടക്കുകയാണ്. തകർന്നു കിടക്കുന്ന റോഡ് എത്രയും വേഗം പുനർനിർമ്മിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.