അതിരമ്പുഴ: കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലുണ്ടായ തീപിടിത്തത്തിൽ അതിരമ്പുഴ ചന്തയിലുള്ള ഹോൾസെയിൽ സ്റ്റേഷനറിക്കട പൂണമായും കത്തിനശിച്ചു. അതിരമ്പുഴ കദളിമറ്റംതലയ്ക്കൽ ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനേഷ് സ്റ്റോഴ്സാണ് കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് കരുതുന്നത്. കോട്ടയത്ത് നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം രണ്ട് മണിക്കൂറോളമെടുത്താണ് തീ അണച്ചത്.
ചന്തയിൽ മിഠായിയും സ്റ്റേഷനറി സാധനങ്ങളും അടക്കം ഹോൾസെയിലായി വിൽക്കുന്ന കടയാണ് കത്തിനശിച്ചത്. ഇൻവേർട്ടറിൽ നിന്ന് തീപടർന്നതാകാമെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ്. പന്ത്രണ്ടിന് ശേഷമാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്. രാത്രിയിൽ ഇടിമിന്നലുണ്ടായിരുന്നു.
പുലർച്ചെ ചന്തയിലെത്തിയവർ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഏറ്റുമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഫയർഫോഴ്സെത്തിയത്. അപ്പോഴേയ്ക്കും കടയിലെ സാധനങ്ങൾ അടക്കം ചാരമായിരുന്നു. സമീപത്തുള്ള കടകളിലേയ്ക്ക് തീപടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.