വൈക്കം: മഹാദേവക്ഷേത്രത്തിന്റെ മതിലിനോട് ചേർന്ന് ശൗചാലയം സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം.
തെക്കേനടയിൽ ക്ഷേത്രത്തിന്റെ കിഴക്കേ മതിലിനോട് ചേർന്നാണ് അഷ്ടമി പ്രമാണിച്ച് നഗരസഭ അഞ്ച് താത്കാലിക ഇ-ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. ഇതിന് തൊട്ട് പിന്നിലാണ് ക്ഷേത്രത്തിനകത്തെ സ്റ്റേജ്. വൈക്കം സമൂഹത്തിന്റെ ഹാളും ഇതിനോട് ചേർന്നാണ്. തൊട്ടടുത്ത് നഗരസഭയുടെ തന്നെ ദളവാക്കുളം ബസ് ടെർമിനലിൽ ധാരാളം സ്ഥലമുണ്ടന്നിരിക്കെ സമൂഹം ഹാളിനോടും ക്ഷേത്രമതിലിനോടും ചേർന്ന് ടോയ്‌ലറ്റ് സ്ഥാപിച്ചത് ദുരുദ്ദേശപരമാണെന്ന് സമൂഹം ഭാരവാഹികൾ ആരോപിച്ചു.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ മതിലിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഈ ടോയ്‌ലറ്റ് മാറ്റി സൗകര്യപ്രദമായ ദളവാകുളം ബസ് സ്റ്റാൻഡിൽ സ്ഥാപിക്കണമെന്ന് ഹിന്ദു ഐക്യവേദി ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേത്ര പരിസരത്തുള്ള മുഴുവൻ വൈദ്യതി വിളക്കുകൾ തെളിക്കാനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ടൗൺ പ്രസിഡന്റ് മനോജ്, സെക്രട്ടറി എ.എച്ച്.സനീഷ്, സതീശൻ, രതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.