കോട്ടയം: ആത്മയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നാടകാചാര്യൻ എൻ.എൻ. പിള്ള ജന്മശതാബ്ദി ആഘോഷങ്ങൾ അവസാന ഘട്ടത്തിലെത്തി

എൻ.എൻ. പിള്ളയുടെ പുത്രൻ വിജയരാഘവൻ പകർന്ന് നൽകിയ നാടകജ്യോതി സുരേഷ് കുറുപ്പ് എം.എൽ.എ ജാഥാ ക്യാപ്ടനായ നാടക സംവിധായകൻ വിൽസൻ നിസരിക്ക് കൈമാറി. ഫുട്‌ബാൾ താരം സുരേഷ് ഏറ്റുവാങ്ങിയ ദീപശിഖാ പ്രയാണം കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്നും കാസർകോട്ടേക്ക് യാത്ര തിരിച്ചു.
എൻ.എൻ. പിള്ളയുടെ ചരമദിനമായ നവംബർ 14 ന് കാസർകോട് മാണിയാട്ടിൽ എത്തുന്നതോടെ കോറസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദശദിന എൻ.എൻ. പിള്ള സ്മാരക നാടക മത്സരത്തിന് തുടക്കമാകും. അന്നേ ദിവസംകോട്ടയം ഒളശ ഡയണീഷ്യയിൽ വിശ്വകേരള കലാ സമിതിയിൽ പ്രവർത്തിച്ചവരുടെ സ്‌നേഹസംഗമം നടക്കും.
കോട്ടയം ഗാന്ധിസ്‌ക്വയറിൽ നടന്ന ചടങ്ങിൽ ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, ദീപശിഖാ പ്രയാണത്തെ കാസർകോട്ടേക്ക് യാത്രയാക്കി. ജനറൽ കൺവീനർ ബാലൻ മാണിയാട്ട്, സിനിമാ സംവിധായകൻ ജോഷി മാത്യു, അഡ്വ. വി.ബി. ബിനു, ബിനോയ്‌ വേളൂർ, കെ.വി. താൻസൺ, വി. ജയകുമാർ, പി.ആർ. ഹരിലാൽ, ബിനു സി ശേഖർ, ഫെലിക്‌സ്‌ ദേവസ്യ, അജയദാസ്, അലക്‌സ് സഖറിയ, ജി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഡിസംബറിൽ 100 കലാലയങ്ങളിൽ എം.ജി. സർവ്വകലാശാലയുടെ സഹകരണത്തോടെ എൻ.എൻ. പിള്ള സ്മാരക പ്രഭാഷണങ്ങൾ നടത്തും. ഡിസംബർ 21 മുതൽ ഏകാംഗനാടക മത്സരവും 26 മുതൽ 28 വരെ പ്രൊഫഷണൽ നാടകാവതരണവും കോട്ടയത്ത് നടക്കും. എൻ.എ.ൻ പിള്ളയുടെ കുടുംബയോഗമെന്ന നാടകം മകൻ വിജയരാഘവൻ അരങ്ങിലെത്തിക്കും. മുകേഷ്, സിദ്ധിഖ് തുടങ്ങി സിനിമാ നാടകമേഖലയിലെ പ്രമുഖർ പങ്കെടുക്കും. 28 ന് വൈകിട്ട് 5 ന് തിരുവാതുക്കൽ എ.പി.ജെ അബ്ദുൾകലാം ഓഡിറ്റോറിയത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, മുൻ എം.എൽ.എ വി.എൻ. വാസവൻ, വൈക്കം വിശ്വൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി ആർസോന, നഗരസഭ പ്രതിപക്ഷനേതാവ് സി.എൻ. സത്യനേശൻ തുടങ്ങിയവർ പങ്കെടുക്കും.