കോട്ടയം: നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയുമായ രാജു മാത്യു (82) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്ത തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് മുൻ പ്രസിഡന്റായിരുന്നു. 1982ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ‘കേൾക്കാത്ത ശബ്ദ’ മാണ് 'സെഞ്ച്വറി' നിർമ്മിച്ച ആദ്യ സിനിമ. ഫഹദ്ഫാസിൽ നായകനായ 'അതിരനാ'ണ് അവസാന സിനിമ. നിർമ്മാണത്തിനു പുറമെ വിവിധ ഭാഷകളിൽ മികച്ച ചിത്രങ്ങളുടെ വിതരണവും സെഞ്ച്വറി റിലീസ് എന്ന പേരിൽ ഏറ്റെടുത്തിരുന്നു. 'ബാഹുബലി', 'മെഴ്സൽ' എന്നീ ചിത്രങ്ങളും ഈ പട്ടികയിലുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘കുഞ്ഞൽദോ"യുടെ വിതരണവും 'സെഞ്ച്വറി'യാണ്. എൽ.ഐ.സിയിൽ മാനേജരായിരുന്ന രാജു മാത്യു ജോലി രാജിവച്ചാണ് സിനിമാക്കാരനായത്. കോട്ടയത്തെ സെൻട്രൽ തീയറ്ററടക്കം ആദ്യകാല സിനിമാസംരംഭങ്ങളുടെ ഉടമയായിരുന്ന മാളിയേക്കൽ മാത്യുവാണ് പിതാവ്. ഭാര്യ: പരേതയായ ലില്ലി മാത്യു .
മക്കൾ: അഞ്ജന ജേക്കബ് (യു.എസ്.എ), രഞ്ജന മാത്യു (ആസ്റ്റർഡാം). മരുമക്കൾ: റൂബൻ (യു.എസ്.എ), ഡാനി (ആസ്റ്റർഡാം). മൃതദേഹം നാളെ വൈകിട്ട് സംക്രാന്തിയിലുള്ള ഒയാസിസ് വില്ലയിൽ എത്തിക്കും. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ.