എലിക്കുളം: ജോലിസ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച എലിക്കുളം വേങ്ങോലിൽ സന്തോഷ്‌കുമാറിന്റെ (51) കുടുംബത്തിന് സഹായപദ്ധതിയുമായി പൗരാവലി. ഞായറാഴ്ച എലിക്കുളത്തെ ഭവനങ്ങളിൽ സന്ദർശനം നടത്തി പത്തുലക്ഷം രൂപയിൽ കുറയാത്ത തുക സ്വരൂപിക്കാനാണ് ലക്ഷ്യം. റബ്ബർ പുകപ്പുരയിലെ തൊഴിലാളിയായിരുന്ന സന്തോഷ്‌കുമാർ കഴിഞ്ഞമാസം 12നാണ് ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം നിരാലംബരായി. ഇവരുടെ ഭാവി സുരക്ഷിതമാക്കാനാണ് പൗരാവലിയുടെ ശ്രമം. വഞ്ചിമല പള്ളിവികാരി ഫാ.ഡോ.സേവ്യർ കൊച്ചുപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം, ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായ മാത്യൂസ് പെരുമനങ്ങാട്ട്, അഖിൽകുമാർ തങ്കപ്പൻ, ജെയിംസ് ജീരകത്തിൽ, ടോമി കപ്പിലുമാക്കൽ, ലൗലി ടോമി, എസ്.ഷാജി, സെബാസ്റ്റ്യൻ പാറയ്ക്കൽ തുടങ്ങിയവർ രക്ഷാധികാരികളും ചെയർപേഴ്‌സൺ ഷേർളി അന്ത്യാംകുളം, കൺവീനർ എം.രാമചന്ദ്രൻ നായർ കൊടിപ്പറമ്പിൽ, ട്രഷറർ കെ.ജി.ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ എന്നിവർ ഭാരവാഹികളുമായ സഹായസമിതിയാണ് നേതൃത്വം വഹിക്കുന്നത്.