പൊൻകുന്നം : അരവിന്ദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി പൊലീസുമായി ചേർന്ന് നാളെ പ്രമേഹ രോഗനിർണയ ക്യാമ്പും, ബോധവത്കരണ ക്ലാസും, ഡയബറ്റിക് പദയാത്രയും സംഘടിപ്പിക്കും. രാവിലെ 7.30 മുതൽ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് രോഗനിർണയം സൗജന്യമായിരിക്കും. ഡയബറ്റിക് പ്രിവിലേജ് കാർഡ് വിതരണം ചെയ്യുന്നതും, ഇതുമായി വരുന്നവർക്ക് ഡിസംബർ 31 വരെ പ്രത്യേക ഇളവുമുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ന് പൊൻകുന്നം ടൗണിൽ നിന്നാരംഭിക്കുന്ന ഡയബറ്റിക് പദയാത്ര സി.ഐ. വിജയരാഘവൻ ഫ്‌ളാഗ് ഒഫ് ചെയ്യും. 3.30 ന് അരവിന്ദ ആശുപത്രിയിൽ നടക്കുന്ന ബോധവത്കരണ കാമ്പയിൽ പി.സി.ജോർജ ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അദ്ധ്യക്ഷയാകും. ജില്ലാ കൺസ്യൂമർ കോടതി റിട്ട. ജഡ്ജി സതീശ് ചന്ദ്രൻ നായർ വെബ്‌സൈറ്റ് ഉദ്ഘാടനവും , പൊൻകുന്നം പ്രസ് സെന്റർ പ്രസിഡന്റ് എസ്. ബിജു ലോഗോ പ്രകാശനവും നിർവഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി ഡോമിനിക് പ്രവിലേജ് കാർഡ് വിതരണവും, ഡോ. റിന്റു ജോർജ്ജ് പ്രമേഹ രോഗസന്ദേശവും നൽകും.