പാലാ : ളാലം പാലം ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷനിൽ ഉടൻ കതകുകൾ പിടിപ്പിക്കാൻ ഇന്നലെ ചേർന്ന നഗരസഭാ യോഗം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭരണപ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗം അഡ്വ.ബിനു പുളിക്കക്കണ്ടമാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. വാർത്ത കണ്ട ഉടൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നും ഇതു സംബന്ധിച്ച ഫയൽ എൻജിനിയറിംഗ് സെക്ഷനിലാണെന്ന് അറിയിച്ചെന്നും ചെയർപേഴ്‌സൺ ബിജി ജോജോ അറിയിച്ചു.

ചെയർപേഴ്‌സൺ പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥരാണെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്ന് ബിനു ആവശ്യപ്പെട്ടു. അടിയന്തിര ജനകീയ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഫയലുകൾ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്ന ഉദ്യോഗസ്ഥർ രാജിവച്ചു പോകാൻ ഭരണപക്ഷാംഗം അഡ്വ. ബെറ്റി ഷാജു ആവശ്യപ്പെട്ടു. വിവിധ കാര്യങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടും ചില ഉദ്യോഗസ്ഥർ ഇത് പാലിക്കുന്നില്ലെന്ന് ചെയർപേഴ്സൺ കുറ്റപ്പെടുത്തി. ഇനി ഇത് അനുവദിക്കാനാവില്ലെന്നും എത്രയും വേഗം കംഫർട്ട് സ്റ്റേഷന് വാതിൽ പിടിപ്പിക്കാനും ചെയർപേഴ്‌സൺ ഹെൽത്ത് സൂപ്പർ വൈസർക്ക് നിർദ്ദേശം നൽകി. വാർഡുകളിൽ പുല്ലുവെട്ടുന്ന കാര്യങ്ങളിൽ ഉൾപ്പെടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായും ആക്ഷേപം ഉയർന്നു.

കതകുകൾ പിടിപ്പിക്കാമെന്ന മുനിസിപ്പൽ സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്നാണ് ബഹളം ശമിച്ചത്. ചെത്തിമറ്റത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും, തെക്കേക്കരയിൽ നഗരസഭാ വക വഴി സ്വകാര്യ വ്യക്തി കൈയേറിയത് ഒഴിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. പ്രസാദ് പെരുമ്പള്ളിൽ, റോയി ഫ്രാൻസീസ്, ബിജു പാലൂപ്പടവിൽ, ജോർജ്കുട്ടി ചെറുവള്ളി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.