പാലാ : കെ.എം.മാണിയുടെ പേരിൽ പാലായിൽ അഖില കേരള വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് പരിപാടി. കേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലേക്ക് കാണികൾക്കുള്ള പ്രവേശനം സൗജന്യമാണ്. മത്സരാർത്ഥികൾക്ക് ദിവസം തോറും കാഷ് അവാർഡും ഫൈനൽ വിജയികൾക്ക് പ്രത്യേകം കാഷ് അവാർഡും 'മാണി സാർ മെമ്മോറിയൽ ട്രോഫിയും' നൽകുമെന്ന് സംഘാടക സമിതി പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് പറഞ്ഞു. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് പ്രത്യേകം പുരസ്‌കാരങ്ങളുണ്ട്. മുനിസിപ്പൽ സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയമായി ഉയർത്തിയ കെ.എം.മാണിയുടെ ഓർമ്മകൾക്കു മുന്നിൽ മെഴുകുതിരികൾ തെളിച്ച് അനുസ്മരണാ ദീപങ്ങൾ ഉയർത്തിയ ശേഷമാണ് ടൂർണമെന്റിന്റെ ഉദ്ഘാടനം നടക്കുക. അന്തർദ്ദേശീയ വോളിബാൾ താരങ്ങളും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ടൂർണമെന്റിന് മുന്നോടിയായി കെ.എം.മാണിയുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള വിളംബര യാത്ര നടത്തും. കാണികൾക്കായി പ്രവചന മത്സരവും കൂപ്പൺ നറുക്കെടുപ്പും നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്വാഗതസംഘം ഓഫീസും ഉടൻ തുറക്കും.