പാലാ : കുടിവെള്ള പദ്ധതികൾക്ക് സമീപം തോട്ടിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. പൈക ഭരണങ്ങാനം റോഡിൽ ഇന്നലെ പുലർച്ചെ നാലരയ്ക്കാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയവരാണ് ലോറി തടഞ്ഞ് പഞ്ചായത്തധികൃതരെ വിവരമറിയിച്ചത്. മുകളേൽ പീടികയ്ക്കു സമീപം പൊന്നൊഴുകും തോടിന്റെ കൈത്തോട്ടിലേക്കാണ് മാലിന്യം തള്ളിയത്. പൈകയിലുള്ള സ്‌പൈസ് പ്ലാസ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്തധികൃതർ ഹോട്ടലുടമയ്ക്ക് നോട്ടീസ് നൽകി. ലോറി പൊലീസിന് കൈമാറി. മാലിന്യം തള്ളിയ സ്ഥലങ്ങളും സമീപപ്രദേശങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലീച്ചിംഗ് പൗഡർ വിതറി അണുബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വാഹന ഉടമ തിരുവനന്തപുരം സ്വദേശി സന്തോഷ്, കരാറുകാരൻ മനു, ഡ്രൈവർ, ഹോട്ടലുടമ എന്നിവർക്കെതിരെ കേസെടുത്തു. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി അറിയിച്ചു.