കാഞ്ഞിരപ്പള്ളി : ശക്തമായ ഇടിമിന്നലിൽ വിഴിക്കത്തോട് കല്ലറക്കാവ് വടക്കേടത്ത് ഷാജി വർക്കിയുടെ വീട് പൂർണമായും തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വീട്ടുപകരണങ്ങൾ കത്തി നശിച്ചു. ഭിത്തികൾ വിണ്ടുകീറി. ഓടുകൾ പൊട്ടിവീണു. വിണ്ടുകീറിയ ഭിത്തികൾ മറിഞ്ഞുവീഴുമെന്ന ഭീതിയിൽ വീട്ടുകാർ മാറിത്താമസിക്കുകയാണ്. പൊലീസ് എത്തി വീട് വാസയോഗ്യമല്ലെന്നു റിപ്പോർട്ട് നൽകി. സംഭവം നടക്കുമ്പോൾ ഷാജിയും ഭാര്യയും പിതാവും മാതാവും വീട്ടിൽ ഉണ്ടായിരുന്നു. ജനലിന്റെ ചില്ലുകൾ പൊട്ടിത്തെറിച്ച് ഷാജിയുടെ ഭാര്യക്ക് പരിക്കേറ്റു. വീട്ടിൽ നിന്നു പുറത്തേക്കു വലിച്ചിരുന്ന ടെലിഫോൺ കേബിൾ കിടന്നിരുന്ന സ്ഥലത്തെ മണ്ണ് ചിതറിത്തെറിച്ചു കുഴിപോലെയായി.