കാഞ്ഞിരപ്പള്ളി : ശബരിമല തീർത്ഥാടന പാതയായ കാഞ്ഞിരപ്പള്ളി - എരുമേലി റോഡിൽ പട്ടിമറ്റം ഭാഗം 15 ന് ഗതാഗതത്തിനായി തുറന്ന് നൽകുമെന്ന് പൊതുമരാമത്തു വിഭാഗം അറിയിച്ചു. നിലവിൽ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ 75 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി ഒലിച്ച് പോയതിനെ തുടർന്ന് റോഡിലൂടെ ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരുന്നത്. എന്നാൽ റോഡിന്റെ നിർമാണം ആരംഭിച്ചതോടെ കൂടുതൽ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. ഇരുവശങ്ങളിലൂടെയും ഗതാഗതം നടത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിംഗ് പൂർത്തിയായ ശേഷം മണ്ണിട്ട് റോഡ് ഉറപ്പിച്ച ശേഷമാകും ഗതാഗതത്തിനായി തുറന്ന് നൽകുക. റോഡിന്റെ തകർന്ന് കിടക്കുന്ന ഭാഗങ്ങളും മറ്റും കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കും.
സമാന്തരപാത
കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിന് പട്ടിമറ്റം കാഞ്ഞിരപ്പള്ളി സമാന്തരപാതയാണ് ഉപയോഗിക്കുന്നത്. സമന്തരപാതയിലൂടെ വലിയ വാഹനങ്ങൾ കടന്ന് പോകുന്നതിന് ബുദ്ധിമുട്ടുള്ളത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.