തലപ്പാടി: എസ്.എം.ഇ കോളേജിനു കോളേജിനു മുന്നിൽ അപകടക്കെണിയൊരുക്കി രണ്ട് കൊടുംവളവുകൾ. ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. വളവ് അറിയാതെ എത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. രണ്ട് കൊടുവളവുകളും വലിയ ഇറക്കവുമാണ് ഇവിടെ ഉള്ളത്. ഇത് അപകടത്തിന്റെ വ്യാപ്തിയും വർദ്ധിപ്പിക്കുന്നു. നിരവധി മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഏകദേശം ഒരേ സമയത്ത് രണ്ടു വാഹനാപകടങ്ങളുണ്ടായിരുന്നു. റോഡിനു വീതി കൂട്ടിയെങ്കിലും കൊടുവളവിനു സമീപത്തുകൂടെ കാൽനടയാത്രപോലും ദുഷ്‌കരമാണ്. കോളേജിലേക്കു നിരവധി വിദ്യാർത്ഥികളാണ് കാൽനടയത്രയായി എത്തുന്നത്. എന്നാൽ, സുഗമമായി നടക്കുവാൻ ഫുട്പാത്ത് ഇവിടെയില്ല. അതിനാൽ വിദ്യാർത്ഥികളും പ്രദേശവാസികളും ഭയപ്പാടൊടെയാണ് ഇതുവഴി കടന്നുപോകുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനും തോത് കുറയ്ക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.