rehilal

കോട്ടയം: നാഗമ്പടം സീസർ പാലസ് ബാർ ഹോട്ടലിന് സമീപം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചശേഷം യുവാവിനെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കവർച്ച നടത്തിയ സംഭവത്തിൽ ഗുണ്ടാ സംഘാംഗം അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനി പുത്തൻപറമ്പിൽ റഹിലാലിനെ (24) യാണ് വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 9ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളക്ടറേറ്റ് പുളിമൂട്ടിൽ ഹൗസിൽ പ്രവീൺ ജോസഫ് ചാക്കോ (29) ആണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ രണ്ടേമുക്കാൽ പവന്റെ സ്വർണമാലയും അക്രമി തട്ടിയെടുത്തു. റഹിലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഗുണ്ടാസംഘം ബാറിൽ എത്തി മദ്യപിച്ചശേഷം പുറത്ത് നിന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് സാരമായി പരിക്കേറ്റ യുവാവിനെ ബാർ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം റഹിലാൽ അയ്മനം പഞ്ചായത്തിലെ പരിപ്പ് പടശേഖരത്തിൽ ഒളിവിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അർദ്ധരാത്രി ആറ് നീന്തിക്കടന്നെത്തിയാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തെക്കണ്ട് റഹിലിനൊപ്പമുണ്ടായിരുന്ന ഗുണ്ടകൾ ആറ്റിൽ ചാടി രക്ഷപ്പെട്ടു. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്ത് , എ.എസ്.ഐ പി.എൻ മനോജ് , സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ ബൈജു , വിഷ്ണു വിജയദാസ്, വിനീഷ് രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അയ്മനത്തെ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അഖിൽ പ്രസാദിന്റെ വീട് കയറി ആക്രമിച്ച കേസിലുൾപ്പെടെ കോട്ടയം ഈസ്റ്റ് , വെസ്റ്റ്, മണർകാട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ റഹിലാൽ പ്രതിയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.