കോട്ടയം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശം. ഇതിനായി 40 ആർ.പി.എഫ്. ഉദ്യോഗസ്ഥരെ കൂടുതലായി നിയമിക്കും. സ്റ്റേഷൻ പൂർണമായും കാമറ നിരീക്ഷണത്തിലാക്കാനും തീരുമാനം. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിൽ നടന്ന ശബരിമല അവലോകനയോഗത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) സിരീഷ് കുമാർ സിൻഹയാണ് തീരുമാനം അറിയിച്ചത്.
ഇരുകവാടങ്ങളിലും കേരളീയ ശൈലിയിൽ ആർച്ച് സ്ഥാപിക്കും. ചെലവ് എത്രയെന്ന് കണക്കാക്കി നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിച്ച് ഒരു നടപ്പാലം കൂടി സമീപഭാവിയിൽ നിർമ്മിക്കുമെന്ന് യോഗത്തിൽ ആദ്ധ്യക്ഷത വഹിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. തീർത്ഥാടകരുടെ സൗകര്യാർത്ഥം പോർട്ടബിൾ അൺറിസർവ്ഡ് ടിക്കറ്റ് (യു.ടി.എസ്.) മെഷീൻ സ്ഥാപിക്കും. പഴയ കസേരകൾ മാറ്റി സ്റ്റീൽ കസേരകൾ സ്ഥാപിക്കും. ടോയ്ലെറ്റ് പണി തീർത്ഥാടനം തുടങ്ങുമ്പോഴേക്കും തീർക്കും.തുച്ഛമായ ചെലവിൽ മെച്ചപ്പെട്ട ആഹാരം നൽകുന്ന ജൻ ആഹാർ കൗണ്ടറുകൾ പുന:സ്ഥാപിക്കും. കൂടുതൽ വാട്ടർ കൂളറുകൾ, കസേരകൾ എന്നിവ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭാ ചെയർമാൻ കെ. ഷിബുരാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി. വിവേക്, ഡെപ്യൂട്ടി കളക്ടർ ആർ.പി.എഫ് അസിസ്റ്റന്റ് കമ്മീഷണർ ടി.എസ്. ഗോപകുമാർ, സ്റ്റേഷൻ മാനേജർ വർഗീസ് കുരുവിള തുടങ്ങിയവർ പങ്കെടുത്തു.
10 കോടി അനുവദിച്ച് കൊടിക്കുന്നിൽ
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ വാരണാസി മാതൃകയിൽ വികസിപ്പിക്കുന്നതിന് ആദ്യഘട്ടമായി 10 കോടിരൂപ അനുവദിച്ചെന്ന് കൊടിക്കുന്നിൽ സരേഷ്.എം.പി അറിയിച്ചു. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി റെയിൽവേ ബോർഡിന് സമർപ്പിക്കാൻ ഡി.ആർ.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.