കോട്ടയം: രണ്ടര വയസുകാരി ജോവാനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മാതാവ് ലിജിക്കും കാമുകൻ വാസിമിനുമെതിരെ മുംബയ് പൊലീസ് കൊലക്കുറ്റം ചുമത്തി. ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സുഖംപ്രാപിച്ചുവരുന്ന ഇരുവരേയും ഇന്നലെ വൈകുന്നേരം ആശുപത്രിയിലെ തന്നെ സെല്ലുകളിലേയ്ക്ക് മാറ്റി. ഇവർക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണ ആരോഗ്യം കൈവരിച്ചശേഷമാവും ഇരുവരെയും മുംബയ് പൊലീസ് ചോദ്യം ചെയ്യുക. തുടർന്ന് റിജോ വധക്കേസിൽ പ്രതിയായ വാസിമിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശാന്തൻപാറ പൊലീസ് മുംബയ് കോടതിയെ സമീപിക്കും.

ശാന്തമ്പാറ കഴുതക്കുളം മേട്ടിൽ റിജോഷിനെ കൊലപ്പെടുത്തി ഫാം ഹൗസിനു സമീപം മൃതദേഹം കുഴിച്ചുമൂടിയശേഷം റിജോഷിന്റെ ഭാര്യയെയും മകൾ ജോവാനെയും കൂട്ടി വാസിം മുംബയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പൻവേലിലുള്ള സ്വകാര്യ ഹോട്ടലിൽ ജോവാനെ കൊലപ്പെട്ടുത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു.

കേരള പൊലീസിന് പ്രതികളെ വിട്ടുകിട്ടുന്ന മുറയ്ക്ക് ഇരുവരെയും നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം വീണ്ടും മുംബയ് പൊലീസിന് കൈമാറും. സംഭവത്തിൽ വാസിമിനെ സഹായിക്കുകയും പൊലീസിന്റെ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും ഇടപെടൽ നടത്തുകയും ചെയ്ത വാസിമിന്റെ സഹോദരൻ ഫഹദ് റിമാന്റിലാണ്. റിജോഷിന്റെ കൊലപാതകത്തിൽ വാസീമും സഹോഹദരൻ ഫഹദും ഒന്നും രണ്ടും പ്രതികളാണ്. ഇരുവർക്കുമെതിരെ ശാന്തൻപാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി മുംബയിലേക്ക് പോയ ശാന്തൻപാറ എസ്.ഐ വിനോദും സംഘവും ഇന്ന് പുലർച്ചെ ശാന്തൻപാറയിൽ തിരിച്ചെത്തി.

അതേസമയം, ജോവാന്റെ മൃതദേഹം ഇന്നലെ ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾക്ക് റിജോഷിന്റെ മൂത്ത സഹോദരൻ ഫാ.വിജോഷ് മുഖ്യകാർമ്മികത്വം വഹിച്ചു.