കോട്ടയം: കള്ളിൽ സർവ്വത്ര മായം. കോട്ടയം ജില്ലയിൽ മാത്രം അടുത്തിടെ പൂട്ടുവീണത് 42 ഷാപ്പുകൾക്ക്. കടുത്തുരുത്തി, കുറവിലങ്ങാട്, ചങ്ങനാശേരി, ഏറ്റുമാനൂർ, പാമ്പാടി റേഞ്ചുകളിലാണ് കൂടുതൽ ഷാപ്പുകളും പൂട്ടിയത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കള്ളിൽ വീര്യം കൂടിയതിനെത്തുടർന്ന് ഷാപ്പുകൾ പൂട്ടിയിട്ടുണ്ട്.

എന്നാൽ, ഷാപ്പുടമയുടെ പേര് മാറ്റി ജീവനക്കാരുടെയോ ബന്ധുക്കളുടെയോ പേരിലാക്കി വീണ്ടും ഷാപ്പ് തുറന്ന് പ്രവർത്തിക്കുകയാണ് പതിവ്. എക്സൈസ് നിയമത്തിലെ പഴുതുകൾ ദുരുയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. കോട്ടയം ജില്ലയിൽ കള്ളിൽ വീര്യം പതിന്മടങ്ങ് കൂടിയതായി ആക്ഷേപം ഉയർന്നതിനെത്തുടർന്ന് എക്സൈസ് സംഘം ഷാപ്പിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവിന്റെ അംശമാണ്. ഇതേ തുടർന്നാണ് ഷാപ്പുകൾ പൂട്ടിയത്. എന്നാൽ, ആലപ്പുഴ ജില്ലയിലെ പ്രധാന ആക്ഷേപം കള്ളിൽ ചാരായം കലർത്തി വിൽക്കുന്നുവെന്നാണ്. പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളിൽ കള്ളിൽ കഞ്ചാവ് കലർത്തി വിൽക്കുന്നത് വ്യാപകമായിട്ടുണ്ട്. ആവശ്യത്തിന് കിക്ക് കിട്ടാൻ വേണ്ടിയാണ് കള്ളിൽ ചാരായവും കഞ്ചാവും കലർത്തുന്നത്. നല്ല കള്ളിന്റെ ദൗർലഭ്യം കാരണം വെള്ളവും പഞ്ചസാരയും കലർത്തിയുള്ള കൃത്രിമ കള്ള് നിർമ്മാണവും ഇവിടെ തകൃതിയാണ്. ഇങ്ങനെ നിർമ്മിക്കുന്ന കള്ളിന് വീര്യം കിട്ടാനാണ് കഞ്ചാവും ചാരയവുമെല്ലാം ചേർക്കുന്നത്.

കള്ള്പോര, കഞ്ചാവ്

തന്നെ വേണം

കഞ്ചാവ് കലർത്തി കള്ള് വിൽക്കുന്ന ഷാപ്പുകളിൽ ബാറിനെ വെല്ലുന്ന വിൽപ്പനയാണ് നടക്കുന്നത്. ഒരു കുപ്പി കഴിച്ചാൽ ഒരു ദിവസം കഴിഞ്ഞേ പിന്നെ തലപൊക്കൂ എന്നതാണ് ഇതിലേക്ക് കൂടുതൽപേരെ ആകർഷിക്കുന്നത്. ഇത് പ്രത്യേകിച്ച് ചോദിച്ച് വാങ്ങുന്നവരുമുണ്ട്. മാസങ്ങൾക്കുമുമ്പ് മുണ്ടക്കയം കാളകെട്ടി ഷാപ്പിൽ നിന്ന് എക്സൈസ് ശേഖരിച്ച കള്ളിന്റെ സാമ്പിളിൽ കഞ്ചാവിന്റെ അംശം വലിയ അളവിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. ഇതേതുടർന്ന് നാലാം നമ്പർ ഗ്രൂപ്പിൽപ്പെട്ട അഞ്ച് ഷാപ്പുകൾ പൂട്ടിയിരുന്നു. കാളകെട്ടി, മഞ്ഞപ്പള്ളി, നരിവേലി, തമ്പലക്കാട്, കാഞ്ഞിരപ്പള്ളി ടൗൺ ഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ലൈസൻസികളായ നാലു പേർക്കെതിരെ എക്സൈസ് കേസ്സെടുക്കുകയും ചെയ്തു. ഒരു ഗ്രൂപ്പിലെ ഏതെങ്കിലും ഷാപ്പിൽ നിരോധിത ലഹരി പദാർത്ഥങ്ങളോ നിയമലംഘനമോ കണ്ടെത്തിയാൽ ആ ഗ്രൂപ്പിലെ എല്ലാ ഷാപ്പുകളും നിയമനടപടികൾക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാൽ ആഴ്ചകൾ കഴിയുംമുമ്പേ എല്ലാ ഷാപ്പുകളും പഴയതുപോലെ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. ആകെ മാറിയത് കോൺട്രാക്ടറുടെ പേരും വിലാസവും മാത്രം. കാഞ്ഞിരപ്പള്ളി പാറത്തോട് ഷാപ്പിൽ കള്ളിന് കൊഴുപ്പു കൂട്ടാനായി സ്റ്റാർച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് കള്ളിന്റെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേയ്ക്ക് അയച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഒന്നും ആയില്ലെന്നാണ് അറിയുന്നത്. ഷാപ്പ് തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. ചെറിയ തോതിലാണ് മുമ്പ് കഞ്ചാവ് കള്ളിൽ ചേർത്തിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ചെറിയതോതിൽ കഞ്ചാവോ ചാരായമോ ചേർത്തതുകൊണ്ടുമാത്രം പഴയപോലെ കിക്ക് കിട്ടുന്നില്ലെന്നാണ് ആവശ്യക്കാർ പറയുന്നത്. കഞ്ചാവിന്റെ ഇലയും തണ്ടും പൊടിയാക്കി ഒരു തുണിയിൽ കിഴികെട്ടി കള്ളിൽ ഇടുകയാണ് ചെയ്യുന്നത്. നൂറു ലിറ്റർ കള്ളിൽ ഇത്തരത്തിൽ കഞ്ചാവും വെള്ളവും ചേർക്കുമ്പോൾ 2500 ലിറ്ററിൽ അധികം ലഭിക്കും. ഒരു ലിറ്റർ കള്ളിന് വില 120 രൂപ. നൂറു ലിറ്റർ കള്ളിന് 12,000 രൂപ. 2500 ലിറ്റർ വ്യാജകള്ള് വിറ്റാൽ ലഭിക്കുന്നത് മൂന്ന് ലക്ഷത്തോളം രൂപ. കള്ളിന്റെ മട്ടിൽ നിന്നാണ് പലപ്പോഴും വ്യാജൻ ഉണ്ടാക്കുന്നത്. ഡയസെപ്പാം എന്ന പേസ്റ്റും ചിലയിടങ്ങളിൽ വ്യാജകള്ള് ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇത് ചേർത്ത ലായനിയിൽ കള്ളിനൊപ്പം വെള്ളവും ചേർത്ത് കലക്കിവയ്ക്കും. ഷാമ്പു, പഞ്ചസാര എന്നിവയും ആവശ്യത്തിന് ചേർക്കും. കൊഴുപ്പു കൂടാൻ സ്റ്റാർച്ചും.ഇതോടെ ഉശിരൻ കള്ള് റെ‌‌ഡി!