ചങ്ങനാശ്ശേരി: മന്നം ട്രോഫി സംസ്ഥാന കലാ-കായികമേള 16 മുതൽ 19 വരെ പെരുന്ന എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌ക്കൂളിൽ നടക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഹരികുമാർ കോയിക്കൽ അറിയിച്ചു. 16ന് രാവിലെ 8.30 ന് പെരുന്ന എൻ.എസ്.എസ്. ബോയ്‌സ് ഹൈസ്‌ക്കൂളിൽ ഡോ.ജി.ജഗദീഷ്ചന്ദ്രൻ പതാക ഉയർത്തുന്നതോടെ കലാകായിക മേളയുടെ ചടങ്ങുകൾ ആരംഭിക്കും. പത്തിന് മന്നം സമാധിമണ്ഡപത്തിൽ നിന്നുള്ള ഭദ്രദീപഘോഷയാത്രയ്ക്ക് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ഭദ്രദീപം തെളിക്കും. ഘോഷയാത്ര പ്രധാനവേദിയായ എൻ.എസ്.എസ്.ഹിന്ദുകോളേജ് ഓഡിറ്റോറിയത്തിൽ എത്തുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻഎം.എൽ.എ കലാകായികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. എൻ.എസ്.എസ്. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻനായർ അദ്ധ്യക്ഷത വഹിക്കും. 17ന് വൈകിട്ട് അഞ്ചിന് എൻ.എസ്.എസ്. ട്രഷറർ ഡോ.എം.ശശികുമാർ കലാമത്സരങ്ങളുടെ സമ്മാനദാനം നിർവ്വഹിക്കും. എൻ.എസ്.എസ്. രജിസ്ട്രാർ പി.എൻ.സുരേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. 18ന് രാവിലെ 9ന് മന്നംസമാധിമണ്ഡപത്തിൽ നിന്നുള്ള ദീപശിഖാപ്രയാണം എൻ.എസ്.എസ്. ഹിന്ദുകോളേജ് ഗ്രൗണ്ടിലെത്തുമ്പോൾ, കായികമത്സരങ്ങളുടെ ഉദ്ഘാടനം ഡോ. എൻ. ജയരാജ് എം.എൽ.എ നിർവഹിക്കും. 19 ന് വൈകിട്ട് 4.30 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് മെമ്പർ ഹരികുമാർ കോയിക്കൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. മത്സരങ്ങൾക്കുള്ള പേരുചേർക്കൽ 15ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ പെരുന്ന എൻ.എസ്.എസ്. ബോയ്‌സ് ഹൈസ്‌ക്കൂളിൽ ആരംഭിക്കും.