വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങുകളിലൊന്നായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് എഴാം ഉത്സവ ദിനമായ നാളെ നടക്കും. രാത്രി 11 മുതൽ 2 വരെയാണ് ചsങ്ങ്. വൈക്കത്തപ്പന്റെ വാഹനമായ കാളയുടെ പുറത്ത് സർവാഭരണ വിഭൂഷിതനായി ഭഗവാൻ എഴുന്നള്ളി ഭക്തർക്ക് ദർശനം നല്കുന്നുവെന്നാണ് വിശ്വാസം. വെള്ളിയിൽ നിർമ്മിച്ച ഋഷഭം മനോഹരമായി അലങ്കരിച്ച് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ചേർത്ത് തിരുവാഭരണവും കട്ടിമാലകളും പട്ടുടയാടകളും അണിയിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാർ അടക്കം 40 മൂസതുമാർ ചേർന്നാണ് തണ്ടിലേറ്റുന്നത്. രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം വയ്ക്കും നാദസ്വരം, പരുഷ വാദ്യം, പഞ്ചാരി മേളം ചെണ്ടമേളം, ഘട്ടിയം തുടങ്ങിയ വാദ്യമേളങ്ങാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുക. ഋഷഭ വാഹനം എഴുന്നള്ളിപ്പിന് എട്ട് ഗജവീരൻമാർ അണിനിരക്കും.