വൈക്കം: മഹാദേവ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ തുറക്കാത്ത വാതിലിന് പിന്നിലുമുണ്ട് എെതീഹ്യം.
വടക്കുംകൂർ രാജാക്കൻമാരും ക്ഷേത്രത്തിലെ ഊരാഴ്ചക്കാരും തമ്മിൽ ക്ഷേത്രാധികാരത്തെ ചൊല്ലി നീരസത്തിലായിരുന്നു. ഒരിക്കൽ വടക്കുംകൂർ രാജാവ് വൈക്കം ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് നടത്തുവാൻ ഒരുങ്ങി സാധാരണ നിവേദ്യത്തിന് പുറമെ ഖാദ്യം, ലേഹ്യം, ഭക്ഷ്യം, പേയം തുടങ്ങിയ സമസ്ത വിഭവങ്ങളും ഉണ്ടാക്കി മൃഷ്ടാന്ന ഭോജനം നൽകുക എന്നതാണ് പൂജയുടെ സവിശേഷത. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അന്നദാനവും നല്കണം.
രാജാവിന്റെ വഴിപാട് മുടക്കണമെന്ന് ഊരാഴ്മക്കാർ തീരുമാനിച്ചു.
വഴിപാട് ദിനത്തിൽ രാജാവ്, കുടുംബാംഗങ്ങൾ, ബ്രാഹ്മണർ, ക്ഷേത്ര ജീവനക്കാർ മേളക്കാർ തുടങ്ങിയവരെത്തിയെങ്കിലും നിത്യവും ജപവും ഭജനയുമായി മണ്ഡപത്തിൽ കാണുന്ന ഊരാഴ്മക്കാരെ കണ്ടില്ല പൂജയ്ക്ക് വേണ്ട വിഭവങ്ങൾ ഒരുക്കി ശ്രീകോവിലിന്റെ നടക്കൽ എത്തിച്ചു.
ഈ സമയം വെറ്റില മുറക്കിക്കൊണ്ട് ഊരാഴ്ചക്കാരനായ ഞള്ളലിൽ നമ്പൂതിരി പടിഞ്ഞാറെ നടയിലുടെ സോപാന പടിയിൽ എത്തി നിവേദ്യ പാത്രങ്ങളിൽ തുപ്പി. അപ്പോൾ തന്നെ നമ്പൂതിരിയുടെ തലയിൽ എന്തോ തട്ടിയതായി തോന്നി. വൈക്കത്തപ്പന്റെ പാമ്പാണ് മുട്ടിയതെന്നാണ് വിശ്വാസം. ബോധം നഷ്ടപ്പെട്ട നമ്പൂതിരിയെ പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക് കൊണ്ട് പോയി. പുറത്തെത്തിയപ്പോൾ നമ്പൂതിരി മരണമടഞ്ഞിരുന്നു.ഞള്ളൽ നമ്പൂതിരി അകത്തേക്ക് പ്രവേശിച്ചതും പുറത്തേക്ക് കൊണ്ട് പോയതും പടിഞ്ഞാറെ നടവഴിയാണ്. അതിനാൽ ഇനി മുതൽ പടിഞ്ഞാറെ നട തുറക്കരുതെന്ന് അരുളപ്പാടുണ്ടായി. ഇതിനു ശേഷം ഈ വാതിൽ ഇന്നുവരെ തുറന്നിട്ടില്ല