കോട്ടയം: കളിയും ചിരിയുമല്ല, കുട്ടികൾ പറഞ്ഞതൊക്കെയും കാര്യമായിരുന്നു. റവ്യന്യൂ ജില്ല സ്കൂൾ കലോത്സവത്തിലെ മോണോ ആക്ട് മത്സരത്തിലാണ് വർത്തമാനകാല യാഥാർത്ഥ്യങ്ങളോടുള്ള യുവമനസുകളുടെ പ്രതികരണം. ബാലപീഡനങ്ങളും വാളയാറും മുതൽ കെ.എസ്.ആർ.ടി.സിയിലെ കൂട്ട പിരിച്ചുവിടൽ വരെയുള്ള ആനുകാലിക വിഷയങ്ങൾ ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ടിന് ഇതിവൃത്തമായി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളോടുള്ള പ്രതിഷേധം ഏകാഭിനയവേദിയിൽ പ്രകടമായി.
ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ മത്സരാർത്ഥി മുച്ചിലോട്ട് ഭഗവതിയുടെ കഥയാണ് പറഞ്ഞത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലും കടുത്ത മത്സരം കാഴ്ചവച്ചു. രാവിലെ മുൻകൂട്ടി നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് മോണോ ആക്ട് മത്സരങ്ങൾ തുടങ്ങിയത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങൾക്ക് ശേഷം യു.പി. വിഭാഗത്തെ പരിഗണിച്ചത് സംഘാടനത്തിലെ പോരായ്മയായി.