കോട്ടയം: സ്കൂളിൽ ടൂറിന് ബാംഗ്ളൂരിൽ പോയിട്ടുള്ളതല്ലാതെ ദേവികയ്ക്ക് കന്നടയുമായി ഒരു ബന്ധവുമില്ല. യൂ ട്യൂബിനെ ഗുരുവാക്കി കന്നഡ പദ്യം പഠിച്ച് ചൊല്ലിയ ദേവിക ലാൽ ഒന്നാം സ്ഥാനവുമായാണ് മടങ്ങിയത്. കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥി ദേവിക ലാൽ ആദ്യമായാണ് കന്നഡ പദ്യം ചൊല്ലലിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ പഠിച്ചതാണെങ്കിലും മത്സരിക്കാൻ കഴിഞ്ഞില്ല. ജയ്മിനി ഭാരതീയാർ എന്ന കവിതയാണ് പാടിയത്. കഴിഞ്ഞ തവണ നാടൻ പാട്ടിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ദേവിക ഇക്കുറിയും മത്സരിക്കുന്നുണ്ട്. എം.ജി യൂണിവേഴ്സിറ്റി ജോ.രജിസ്ട്രാർ തുളസിലാലിന്റെയും മാഞ്ഞൂർ എൻ.എസ്.എസ് ഹൈസ്കൂൾ അദ്ധ്യാപിക ലേഖയുടെയും മകളാണ്. രാധികാ ലാലാണ് സഹോദരി.