കോട്ടയം: റവന്യുജില്ല സ്കൂൾ കലോത്സവം പെൺകുട്ടികളുടെ മോണോ ആക്ടിൽ തുടർച്ചയായ ഏഴാം തവണയും മാധവി പുതുമന ഒന്നാം സ്ഥാനം സ്വന്തമാക്കി.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ മാധവി അഞ്ചാം ക്ലാസ് മുതൽ മോണോ ആക്ട് വേദിയിലെ വിജയതാരമാണ്. ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലമത്സരത്തിൽ തുടർച്ചയായി എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. സർവകലാശാല മുൻ കലാപ്രതിഭയും അദ്ധ്യാപകനുമായ രാജേഷ് കെ. പുതുമനയുടെ മകളാണ്.
മുച്ചിലോട്ടു ഭഗവതിയുടെ ഐതീഹ്യത്തിലൂന്നിയായിരുന്നു മാധവിയുടെ പ്രകടനം. അതിങ്ങനെയാണ്: പഴയ പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ നടന്ന വാദപ്രതിവാദത്തിൽ പണ്ഡിതരെ തോൽപ്പിച്ച് രസങ്ങളിൽ കാമരസവും വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ മുമ്പിൽ തോറ്റതിലുള്ള ജാള്യം മറയ്ക്കാൻ അവർ അവൾക്കെതിരെ അപവാദപ്രചാരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക കരിവെള്ളൂരപ്പനെയും ദയരമംഗലത്ത് ഭഗവതിയെയും മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്‌നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. ദയരമംഗലം ക്ഷേത്രത്തിലേക്ക് എണ്ണയുമായി ആവഴി പോയ മുച്ചിലോട്ട് പടനായരോട് തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. അവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട് പടനായർ എണ്ണ മുഴുവൻ അഗ്നിയിലൊഴിച്ചു. അതിൽ അഗ്‌നിപ്രവേശം ചെയ്ത് തന്റെ പരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിലെത്തിയ മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണയാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്ന് മുച്ചിലോടന് മനസിലായി. അവരെ തന്റെ കുലദേവതയായി കണ്ട് ആരാധിക്കാൻ തുടങ്ങിയെന്നാണ് ഐതീഹ്യം. ഈ കഥ അഭിനയത്തികവോടെ അവതരിപ്പിച്ച മാധവി, വർത്തമാനകാലത്തിൽ മുച്ചിലോട്ടു ഭഗവതിമാർ ഉണ്ടാവാതിരിക്കട്ടെയെന്നും പ്രാർത്ഥിച്ചാണ് വേദിവിട്ടത്.