പൊൻകുന്നം: കോടതി വരാന്തയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ മോഷണക്കേസിലെ റിമാൻഡ് പ്രതിയെ രക്ഷപെടാനായി മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടികൂടി. വടവാതൂർ സ്വദേശി ഉണ്ണികൃഷ്ണൻ(ഉണ്ണി-20) ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മണർകാട്ട് വച്ച് പിടിയിലായത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഉണ്ണിയെ ചൊവ്വാഴ്ച പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ വാങ്ങി കോടതിയിൽ ഹാജരാക്കി പുറത്തിറക്കിയപ്പോഴാണ് രക്ഷപെട്ടത്. പൊൻകുന്നം മുസ്ലിംപള്ളി മൈതാനത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലായിരുന്നു കോടതിയിൽ എത്തിച്ചത്. കനത്ത മഴയിൽ കോടതിയുടെ പിൻഭാഗം വഴിയാണ് പ്രതി രക്ഷപെട്ടത്. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചിറക്കടവ് മണ്ഡപത്തിൽ പ്രസാദിന്റെ ബൈക്ക് മോഷ്ടിച്ചെടുത്താണ് രക്ഷപെട്ടത്. സ്‌പ്ലെൻഡർ ബൈക്കുകൾ മോഷ്ടിക്കുന്ന രീതിക്കാരനായ ഉണ്ണി രക്ഷപെടാൻ മോഷ്ടിച്ചതും സ്‌പ്ലെൻഡർ ബൈക്കായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.