പാലാ : ഗുരുസേവ വെൽഫെയർ സൊസൈറ്റിയുടെ സംരംഭമായ ഗുരുസേവ ഫുഡ്‌പ്രോഡക്ടിന്റെ വിതരണോദ്ഘാടവും ഗുരു സപര്യ പ്രഥമ പുരസ്‌കര സമർപ്പണവും 17ന് പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശുദ്ധമായത് ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുസേവ സംരംഭം ആരംഭിക്കുന്നതെന്നും മായം ചേരാത്ത ഭക്ഷ്യവസ്തുക്കൾ സംഭരിച്ച് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുളകുപൊടി, മഞ്ഞൾപൊടി, സാമ്പാർപൊടി, രസപ്പൊടി, മല്ലിപൊടി, മസാല തുടങ്ങിയ വിവിധതരം കറിക്കൂട്ടുകളാക്കി പൊതുജനങ്ങളിലെത്തിക്കുന്നതാണ് പദ്ധതിയെന്നും ഭാരവാഹികൾ പറഞ്ഞു.

സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 80 പുരുഷ, വനിതാ സ്വാശ്രയസംഘങ്ങളിലെ ആയിരക്കണക്കിന് പേർക്കാണ് തുടക്കത്തിൽ വിതരണം ചെയ്യുക. തുടർന്ന് പൊതുജനങ്ങളിലേക്കും വിതരണം ആരംഭിക്കും.

17ന് രാവിലെ 10ന് അരുണാപുരം റസ്റ്റ് ഹൗസിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ പ്രൊഡക്ടുകളുടെ വിതരണോദ്ഘടനം ചലച്ചിത്രതാരം മീനാക്ഷിക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കും. ഗുരുസേവ ചെയർമാൻ സത്യൻ പന്തത്തല അദ്ധ്യക്ഷത വഹിക്കും.
ഓൺലൈൻ മാർക്കറ്റിംഗിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ നിർവ്വഹിക്കും. പഞ്ചായത്തംഗം രൺജിത്ത് ജി. മീനാഭവൻ, ഡോ.എസ്. ജയമോൾ, ഗുരുസേവ ജനറൽ സെക്രട്ടറി കെ.റ്റി. ഗംഗാധരൻ, ട്രഷറർ കെ.എസ്. രാജഗോപാലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഗുരുസേവയുടെ ഗുരുസപര്യ പ്രഥമ പുരസ്‌കാരം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ലക്ചറർ ഡോ. എസ്. ജയമോൾക്ക് മാണി സി. കാപ്പൻ സമ്മാനിക്കും. അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ശ്രീനാരായണവിജയ മഹാകാവ്യത്തെ അടിസ്ഥാനമാക്കി എം.ജി. സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി നേടിയ ജയമോൾ പത്തനാപുരം മഞ്ചള്ളൂരിൽ പരേതനായ കെ. കുട്ടപ്പനാചാരിയുടെയും സരസമ്മയുടെയും മകളാണ്.തുടർന്നും ഇത്തരം മികച്ച വ്യക്തികൾക്ക് സൊസൈറ്റി പുരസ്‌ക്കാരം നൽകുമെന്ന് സംഘാടകരായ ഗുരുസേവ ചെയർമാർ സത്യൻ പന്തത്തല, കെ.റ്റി. ഗംഗാധരൻ, മോഹനൻ പുളിയ്ക്കൽ എന്നിവർ പറഞ്ഞു.