കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവിക്കെതിരെ യു.ഡി.എഫ്.അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യു.ഡി.എഫിലെ ഏഴംഗങ്ങൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്ത് അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. എൽ.ഡി.എഫിലെ പ്രസിഡന്റുൾപ്പെടെയുള്ള ഏഴംഗങ്ങൾ ഹാജരായില്ല. രണ്ടംഗങ്ങളുള്ള ബി.ജെ.പിയിലെ ഒരാൾ യോഗത്തിൽ ഹാജർ രേഖപ്പെടുത്തിയെങ്കിലും അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി.
ജല അതോറിട്ടിയുടെ കരിമ്പുകയം കുടിവെള്ള പദ്ധതി പഞ്ചായത്തിന് പ്രയോജനപ്പെടുത്താനായില്ല, ലൈഫ് ഭവനപദ്ധതിയിൽ ഏറ്റവും കുറവ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് എലിക്കുളം പഞ്ചായത്താണ്. സർക്കാർ ഫണ്ടുകൾ ലഭിക്കാൻ അവസരമുണ്ടായിട്ടും പുതിയ ഓഫീസ് മന്ദിരം പണിയാൻ വികസനപ്രവർത്തനങ്ങൾക്കുള്ള പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുന്നത് തെറ്റാണ് തുടങ്ങിയ ആരോപണങ്ങളാണ് യു.ഡി.എഫ്.അംഗങ്ങൾ ചർച്ചയിൽ അവതരിപ്പിച്ചത്. 16 അംഗ പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഏഴംഗങ്ങൾ വീതമാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിലെ സി.പി.എം.പ്രതിനിധി സുമംഗലാദേവി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ജനങ്ങളെ കബളിപ്പിക്കാനെന്ന് ബി.ജെ.പി ആരോപിച്ചു. എൽ.ഡി.എഫ്.കഴിഞ്ഞ നാലുവർഷമായി ഭരണം നിലനിറുത്തിയത് യു.ഡി.എഫിന്റെ സഹായത്തോടെയാണ്. യാതൊരു തയ്യാറെടുപ്പും കൂടാതെ പഞ്ചായത്ത് കെട്ടിടം പൊളിച്ചപ്പോഴും കരിമ്പുകയം കുടിവെള്ള പദ്ധതി എലിക്കുളം പഞ്ചായത്തിന് നിഷേധിച്ചപ്പോഴും പ്രതിഷേധിക്കാൻ യു.ഡി.എഫ്. നേതൃത്വം തയ്യാറായില്ല. ഒരു വിയോജനക്കുറിപ്പ് പോലും ഇവർ കമ്മിറ്റികളിൽ രേഖപ്പെടുത്തിയില്ല. കാലാവധി തീരാൻ മാസങ്ങൾ മാത്രം ഉള്ളപ്പോൾ അവിശ്വാസം കൊണ്ടുവന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നതിനാലാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു.

എന്നാ?​ അവിശ്വാസം പരാജയപ്പെട്ടത് എൽ.ഡി.എഫ്-ബി.ജെ.പി.കൂട്ടുകെട്ടുമൂലമെന്ന് യു.ഡി.എഫ്.അംഗങ്ങൾ ആരോപിച്ചു. സ്വന്തം അംഗങ്ങളിൽ വിശ്വാസമില്ലാത്തതിനാലാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ്.അംഗങ്ങളെ യോഗത്തിൽ പങ്കെടുപ്പിക്കാതെ മാറ്റിനിറുത്തിയത്. പ്രസിഡന്റിന്റെ വീടിനോട് ചേർന്ന് പെട്രോൾ പമ്പ് അനുവദിച്ചത് ബി.ജെ.പി.യുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ തെളിവാണെന്നും യു.ഡി.എഫ്.ആരോപിച്ചു.