തലയോലപ്പറമ്പ്: പെട്രോൾ പമ്പിലേക്ക് കയറുന്നതിനായി റോഡിന് കുറുകെ തിരിച്ച കാറിൽ ബുള്ളറ്റിടിച്ച് യുവാവിന് പരിക്കേറ്റു.കാഞ്ഞിരപ്പള്ളി പാലമ്പറ പട്ടിമുറ്റം തേനമ്മാംക്കൽ മാഹമ്മദ് സെയ്ഫുദ്ദിൻ (18)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പളളിക്കവല ബ തലപ്പാറ റോഡിൽ ഇല്ലിത്തൊണ്ട് ജംഗ്ഷന് സമീപമാണ് അപകടം. എറണാകുളത്തുള്ള ഷോറൂമിൽ ബുള്ളറ്റ് സർവീസിംഗിന് കൊടുക്കുന്നതിനായി പോകുകയായിരുന്നു യുവാവ്. വെട്ടിക്കാട്ട് മുക്കിൽ നിന്നും തലയോലപ്പറമ്പിലേക്ക് വരുകയായിരുന്ന കാർ പെട്ടെന്ന് റോഡിന് കുറുകെ പമ്പിലേക്ക് തിരിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാർ ഓടിച്ചിരുന്ന വെട്ടിക്കാട്ട്മുക്ക് കോലേഴത്ത് മെറീന (35) ന് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗീകമായും ബുള്ളറ്റിന്റെ മുൻവശം പൂർണ്ണമായും തകർന്നു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.