പാലാ: രാമപുരത്തു പ്രവർത്തിച്ചു വരുന്ന മുതിർന്ന തലമുറയുടെ കൂട്ടായ്മയായ സഫലം 55 പ്ലസ് രാമപുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഒരു മാസം നീണ്ടു നിന്ന വായനോത്സവത്തിന് ഇന്ന് സമാപനം കുറിക്കും. രാമപുരത്തു വാര്യർ മെമ്മോറിയൽ ലൈബ്രറി ഹാളിൽ ചേരുന്ന സമാപനസമ്മേളനം ഡോ. രാജു .ഡി .കൃഷണപുരം ഉദ്ഘാടനം ചെയ്യും. എൽ.പി.വിഭാഗത്തിൽ അക്ഷര പൂമഴ പുസ്തക പരമ്പരയേയും യു.പി.വിഭാഗത്തിൽ പി.കെ.പാറക്കടവിന്റെ പ്രിയപ്പെട്ട കൊച്ചു കഥകളേയും ഹൈസ്‌കൂൾ വിഭാഗത്തിൽ ലളിതാംബിക അന്തർജനത്തിന്റെ മാണിക്കനും മറ്റു പ്രധാന കഥകളേയും അടിസ്ഥാനമാക്കി കുട്ടികൾ നിർമ്മിച്ച വായനാനുഭവ സൃഷ്ടികളടങ്ങിയ കൈയ്യെഴുത്തു മാസികകളുടെ പ്രകാശനം പാല ഡി.ഇ.ഒ. പി. കെ. ഹരിദാസ് നിർവ്വഹിക്കും.

സ്‌കൂൾ തല മികവുകൾക്കും മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളുകൾക്കുമുള്ള ട്രോഫികൾ രാമപുരം എ.ഇ.ഒ.എൻ.രമാദേവി നിർവ്വഹിക്കും. രണ്ടായിരത്തിൽപരം കുട്ടികൾ പങ്കെടുത്ത സഫലം വായനോത്സവത്തെ കുട്ടികളും അദ്ധ്യാപകരും ഏറെ ഗൗരവത്തോടെ എടുത്തതിന്റെ നേർസാക്ഷ്യങ്ങളാണ് ഓരോ മാസികകളും എന്ന് സഫലം ഭാരവാഹികളായ നാരായണൻ കാരനാട്ട്,​ പ്രഭകളരിക്കൽ,​ ഡി. ശുഭലൻ എന്നിവർ പറഞ്ഞു