എരുമേലി : ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും തീർഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി മോട്ടോർ വാഹനവകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സേഫ് സോൺ പദ്ധതിക്ക് ഇന്നലെ തുടക്കമായി. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ടു സബ് ഡിവിഷനുകൾ പ്രവർത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേഫ് സോൺ പദ്ധതിപ്രകാരം ഇലവുങ്കൽ, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് പ്രവർത്തിക്കുക. 18 പട്രോളിംഗ് വാഹനങ്ങളും സൂപ്പർവിഷനും മറ്റ് ആവശ്യങ്ങൾക്കായി 21 വാഹനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും. ഇന്നലെ ഇലവുങ്കൽ സേഫ്‌സോൺ മെയിൻ കൺട്രോളിംഗ് ഓഫീസിൽ നടന്ന ചടങ്ങിൽ സേഫ് സോൺ പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിതോടെയാണ് പദ്ധതിക്ക് തുടക്കമായത്. തുടർച്ചയായി ഒൻപതാം വർഷമാണ് പദ്ധതി തുടരുന്നത്.
ഇനി തീർഥാടനകാലം അവസാനിക്കുന്നതുവരെ 400 കിലോ മീറ്റർ വ്യാപ്തിയിൽ സേഫ് സോൺ പദ്ധതിയുടെ സേവനം തീർഥാടകർക്ക് ലഭിക്കും.
റോഡ് സേഫ്ടി സോൺ പദ്ധതിക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് റോഡ് സേഫ്ടി കമ്മീഷണർ ശങ്കർ റെഡി പറഞ്ഞു. ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ ശ്രീലേഖ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുമാരായ മുരളി കൃഷ്ണൻ, അജിത് കുമാർ, സ്‌പെഷ്യൽ ഓഫീസർ പി.ഡി സുനിൽ ബാബു, നോഡൽ ഓഫീസർ ഡി മഹേഷ്, പത്തനംതിട്ട ആർ.ടി.ഒ: ജിജി ജോർജ് എന്നിവരാണ് സേഫ് സോൺ പദ്ധതിക്ക് നേതൃത്വം വഹിക്കുക.