കൂരോപ്പട: ബൈക്കിൽ നിന്ന് റോഡിൽ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. ളാക്കാട്ടൂർ കണ്ണാടിപ്പാറ തെക്കേൽ കാരാണിയ്‌ക്കൽ മാത്തുക്കുട്ടി ജോസഫിന്റെ ഭാര്യ ലിസി മാത്യു (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിന് ളാക്കാട്ടൂർ- കണിപറമ്പ് റോഡിൽ കണ്ണാടിപ്പാറയ്‌ക്ക് സമീപമായിരുന്നു അപകടം. അയർക്കുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ലിസി ഭർത്താവിനൊപ്പം ളാക്കാട്ടൂർ എം.ജി.എം സ്‌കൂൾ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോഴായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ ഇരുന്ന ലിസി സാരിയുടെ തലപ്പ് പിടിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എംപ്രോത്ത് മിഷ്യൻ ചർച്ചിന്റെ നേതൃത്വത്തിൽ ഇളപ്പാനി ന്യൂ ഹോപ്പ് ചർച്ച് സെമിത്തേരിയിൽ. ളാക്കാട്ടൂർ കുന്തംചാരിയിൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റീന മാത്യൂസ്, ജസ്റ്റിൻ മാത്യൂസ്. മരുമകൻ: ഷൈജു എം.തോമസ്.