വൈക്കം: വൈക്കത്തഷ്ടമിയുടെ അഞ്ചാം ദിവസം വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലികൾ വർണ്ണാഭമായി. വാദ്യമേളങ്ങളും മുത്തുക്കുടകളും ഭംഗി പകർന്നു. കേരള പരവർ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലിയിൽ ഇരുപത് ശാഖകൾ പങ്കെടുത്തു. കേരള പുലയർ മഹിളാ ഫെഡറേഷൻ വൈക്കം യൂണിയൻ, കേരള ഉള്ളാട മഹാസഭ വനിതാ സമാജം, കെ. പി. എം. എസ്. വൈക്കം യൂണിയൻ (പുന്നല) മഹിളാ ഫെഡറേഷൻ എന്നി സംഘടനകളുടെ നേതൃത്വത്തിൽ താലപ്പൊലി നടത്തി. കൊച്ചാലുംചുവട് ഭഗവതി സന്നിധിയിൽ പൂജകൾ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് കെ. പി. എം. എസ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ. സനീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം കാളികാവ് ശശികുമാർ, യൂണിയൻ പ്രസിഡന്റ് പി. കെ. രഘുവരൻ, സെക്രട്ടറി സുമേഷ് മോഹൻ, അഖിൽ കെ. ദാമോദരൻ ഫെഡറേഷൻ ഭാരവാഹികളായ കനക മുരളി, സ്വപ്‌ന മനോജ്, ശ്രീദേവി അനിരുദ്ധൻ, ജലജ, ലത മഹേഷൻ, ബിന്ദു സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.