കോട്ടയം: ബേക്കർ ജംഗ്ഷനിൽ കുമരകം റോഡിൽ മാസങ്ങളായി അപകടകരമായ രീതിയിൽ തുറന്നുവച്ചിരുന്ന ഓടയ്ക്ക് മുകളിൽ ഒടുവിൽ പൊതുമരാമത്ത് വകുപ്പ് സ്ലാബിട്ടു. റോഡിന്റെ ഇരുവശത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി മാറിനിൽക്കാൻപോലും പറ്റാത്ത അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഓട തുറന്നിരിക്കുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി 'കേരളകൗമുദി' ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപുറമെ പ്രദേശത്തെ സ്ഥാപന ഉടമകളും ഓട്ടോറിക്ഷ തൊഴിലാളികളും പൊതുമരാമത്ത് അധികൃതരോട് പരാതിപ്പെട്ടിരുന്നെങ്കിലും പ്രശ്നപരിഹാരം മാത്രമുണ്ടായില്ല. നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ശീതസമരമായിരുന്നു ഇതിന് കാരണം. തുറന്നുകിടക്കുന്ന ഓടയിൽ മലിനജലം കെട്ടിനിന്ന് പരിസരമാകെ ദുർഗന്ധം വമിക്കുന്നതും പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന താലൂക്ക് വികസന സമിതിയോഗത്തിൽ കേരളകോൺഗ്രസ് (ബി) ജില്ല സെക്രട്ടറി സാൽവിൻ കൊടിയന്തറ ഈ വിഷയം ഉന്നയിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. നഗരസഭയുമായുള്ള തർക്കം അവസാനിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ഇടപെട്ട് ഓടയ്ക്ക് മുകളിൽ സ്ഥിലം സ്ലാബ് വാർത്തിടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയജോലി ഏതാണ്ട് പൂർത്തിയായി.

 ചെട്ടിക്കുന്നിലെ പ്രശ്നം എന്ന് പരിഹരിക്കും ?​

നഗരത്തിലെ ഒരു കുഴി അടയ്ക്കാൻ നാലുമാസം എടുത്ത സ്ഥിതിക്ക് പാക്കിൽ ചെട്ടിക്കുന്നിലെ കുഴിയുടെ കാര്യം എന്താകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. മുളങ്കുഴ റോഡിൽ കാക്കൂർ വളവിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയാണ് ഇരുചക്രവാഹനയാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണി ഉയർത്തുന്നത്. ഇന്നലെ ഇരുപത് മിനിറ്റിനിടെ രണ്ട് ബൈക്ക് യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

 കുഴികളുടെ 'ഭീഷണി' തീരുന്നില്ല

ഇതുകൊണ്ടുമാത്രം തീരുന്നില്ല കോട്ടയം നഗരത്തിലെ അപകടക്കുഴികൾ മൂലമുള്ള ഭീഷണി. ഇപ്പോൾ സ്ലാബ് വാർക്കുന്നതിന് സമീപംതന്നെയുണ്ട് നാളുകൾ പഴക്കമുള്ള മറ്റൊന്ന്. കാൽനടയാത്രക്കാരുടെ ശ്രദ്ധ അല്പം തെറ്റിയാൽ ഓടയിൽ വീഴാം. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നടപ്പാതകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.