കോട്ടയം: സ്‌‌പ്ളെൻഡർ ബൈക്ക് എവിടെകണ്ടാലും അത് സ്വന്തമാക്കും. ഇതാണ് ഉണ്ണികൃഷ്ണന്റെ രീതി. കഴിഞ്ഞദിവസം ബൈക്ക് മോഷ്ടിച്ചതിന് റിമാൻഡിലായ വടവാതൂർ സ്വദേശി ഉണ്ണി എന്നുവിളിക്കുന്ന ഉണ്ണികൃഷ്ണൻ കോടതി വരാന്തയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതും ഇതുപോലൊരു ബൈക്കിൽ. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മണർകാടുവച്ച് ഇയാളെ പൊൻകുന്നം പൊലീസ് പിടികൂടിയത്. രക്ഷപ്പെടാനായി മോഷ്ടിച്ചെടുത്ത ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ ചൊവ്വാഴ്ച വൈകുന്നേരമാണ് കോടതി വരാന്തയിൽ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

പൊൻകുന്നം മുസ്ലിംപള്ളി മൈതാനത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലായിരുന്നു പൊൻകുന്നം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചത്. തുടർന്ന് ഉണ്ണികൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് സബ് ജയിലിലേക്ക് കൊണ്ടുപോവാനായി പൊലീസ് ഒരുങ്ങവേ ഇയാൾ വരാന്തയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴ രക്ഷപ്പെടാൻ സാഹായകമായി. കോടതിയുടെ പിൻഭാഗം വഴി ഓടി രക്ഷപ്പെട്ട ഉണ്ണികൃഷ്ണൻ വഴിയിൽ കണ്ട ചിറക്കടവ് മണ്ഡപത്തിൽ പ്രസാദിന്റെ ബൈക്കുമായാണ് പോയത്. പൊലീസിനാവട്ടെ ഇയാളുടെ നിഴൽപോലും കാണാൻ സാധിച്ചില്ല. ഇന്നലെ പിടികൂടിയ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.