മുണ്ടക്കയം : കഴിഞ്ഞവർഷത്തെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ അപാകതയെന്ന് പരാതി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിൽപ്പെട്ട 28 പേരാണ് കളക്ടർക്ക് പരാതി നൽകിയത്. 2018 ആഗസ്റ്റ് 15 ന് ഉണ്ടായ പ്രളയത്തിൽ 66 പേരാണ് കൂട്ടിക്കൽ കെ.എം.ജെ സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയത്. ഇതിൽ ഭൂരിഭാഗംപേർക്കും ആദ്യഘട്ടത്തിൽ 10,000 രൂപ വീതം നൽകിയിരുന്നു.

തുടർന്ന് ദുരിതാശ്വാസ തുകയ്ക്ക്‌ വേണ്ടി ഓഫീസുകൾ കയറിയിറങ്ങി കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ മാസം ചുരുക്കം ചിലർക്കു മാത്രം സഹായം ലഭിച്ചത്. എന്നാൽ ഇവരെക്കാൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടായവർക്കും പുല്ലകയാറിന്റെയും താളുങ്കൽ തോടിന്റെയും സമീപത്ത് താമസിക്കുന്നവർക്കും വീട് തകർന്നവർക്കും സഹായം പാടെ നിഷേധിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ ഇരുവശങ്ങളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളിൽ ഒരാൾക്ക് മാത്രം തുക അനുവദിച്ച വിചിത്രമായ നടപടിയുമുണ്ടായി. 2018ലെ പ്രളയക്കെടുതിയുടെ ഭാഗമായി ഇനി സഹായവിതരണം ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സഹായം ലഭിച്ചശേഷം വീട് പുന:നിർമ്മിക്കാൻ കാത്തിരുന്നവരും ഇതോടെ നിരാശരായി. റവന്യു ഉദ്യോഗസ്ഥരും വാർഡ് മെമ്പർമാരും ചേർന്നാണ് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയത്.

വിതരണം ചെയ്തതുക: 10,000 മുതൽ 2.40 ലക്ഷം വരെ

പരാതിക്കാർ 2018 ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചവർ

ക്യാമ്പിൽ താമസിച്ച 28 പേർക്ക് സഹായം നിഷേധിച്ചു

'കുറച്ചുപേർക്ക് മാത്രമായി കൈഅയച്ച് വിതരണം ചെയ്ത തുകകൊണ്ട് അർഹരായ എല്ലാ അപേക്ഷകർക്കും ചെറിയതോതിലെങ്കിലും സഹായം നൽകാൻ കഴിയുമായിരുന്നു. എന്നാൽ കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന നിലയിൽ സ്വാധീനമുള്ളവർക്ക് കൂടുതുൽ കൊടുക്കുകയും സ്വാധീനമില്ലാത്തവരെ അഗണിക്കുകയും ചെയ്തു.

:-വി.വി. മാത്യു, വെട്ടിക്കൽ - പരാതിക്കാരൻ