കോട്ടയം: നാലുവർഷമായി കാർട്ടൂൺ മത്സരത്തിൽ റോസ്മിന് എതിരാളികളില്ല. പത്രത്താളുകളിലെ കാർട്ടൂണുകൾ കണ്ട് പഠിച്ച് വരയ്ക്കാൻ തുടങ്ങിയ റോസ്മിൻ എല്ലാത്തവണയും ഒന്നാം സ്ഥാനവുമായാണ് മടങ്ങുന്നത്. ഇക്കുറി ദുരിതാശ്വാസ ക്യാമ്പായിരുന്നു വിഷയം. റോസ്മിൻ കേരളത്തെ ദുരിതാശ്വാസ ക്യാമ്പാക്കി. യു.എന്നിന്റെ സഹായം കുട ഉപയോഗിച്ച് മറയ്ക്കുന്ന മോദിയും സഹായം പ്രതീക്ഷിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയും ചേർന്നതായിരുന്നു കാർട്ടൂൺ.

എട്ടാം ക്ളാസിലാണ് ആദ്യമായി മത്സരിക്കുന്നത്. എതിരാളികളെ വരച്ചവരയിൽ നിറുത്തിയതോടെ പിന്നെ ആത്മവിശ്വാസമായി. കോട്ടയം സെന്റ് ആൻസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയായ റോസ്മിൻ എം.രാജൻ കുടമാളൂർ മൂലംകുളം രാജന്റെയും മിനിയുടേയും മകളാണ്.