വൈക്കം: അനുഗ്രഹം ചൊരിഞ്ഞ് കിഴക്കേ ആന പന്തലിലേക്ക് എഴുന്നള്ളി മഹാദേവൻ. ഇന്നലെ രാവിലെ ശ്രീബലിക്ക് മേൽശാന്തി ജിഷ്ണു ദാമോദരന്റെ നേത്യത്വത്തിൽ ഉഷ പൂജ, എതൃത്വ പൂജ, പന്തിരടി പൂജ എന്നിവക്ക് ശേഷം ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ പാമ്പാടി രാജൻ തിടമ്പേറ്റി. പുതുപ്പള്ളി സാധു, പറന്നൂർ നന്ദൻ, എടക്കളത്തൂർ അർജുനൻ, കുളമാക്കിൽ പാർത്ഥ സാരഥി, വേമ്പനാട് അർജുനൻ, ഓമല്ലൂർ ഗോവിന്ദൻ കുട്ടി എന്നിവർ അകമ്പടിയായി. കിഴക്കേ ആന പന്തലിൽ എഴുന്നള്ളിപ്പു എത്തിയതോടെ വെച്ചൂർ രാജേഷ്, വെച്ചൂർ വൈശാഖ്, കലാപീഠം ബാബു, വൈക്കം കാർത്തിക് കൊട്ടിപ്പാടി സേവ നടന്നു. തുടർന്ന് വൈക്കം ഹരിഹരയ്യർ, വൈക്കം അനിരുദ്ധൻ, ചെറായി മനോജ്, ടി.വി പുരം മഹേഷ് എന്നിവർ നാദസ്വരവും ക്ഷേത്ര കലാപീഠം പഞ്ചവാദ്യം ഒരുക്കി.