കോട്ടയം: ' എന്തൊരത്ഭുതം എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ .....അല്ല ഞാനെന്നിൽ കൂടി പ്രപഞ്ചം സൃഷ്ടിച്ചതോ. ...ഉത്തരം കാണാത്തൊരീ ചോദ്യങ്ങൾക്കവസാനം ഉത്തരമെഴുതുമെൻ മരണ പത്രത്തിൽ ഞാൻ.. ' നാടകാചാര്യൻ എൻ.എൻ പിള്ള പണ്ട് എഴുതിയ വരികൾ ജന്മശതാബ്ദി വർഷത്തിലെ ഓർമദിനമായ ഇന്നലെ സ്മൃതി കുടീരത്തിൽ തിളങ്ങി നിന്നു. വിശ്വ കേരളകലാ സമിതിയിലെ രണ്ടു ഡസനോളം നാടക നടന്മാർ പിള്ള സാറിന് പ്രണാമമർപ്പിക്കാൻ ഗ്രീക്ക് നാടകവേദിയായ 'ഡയനീഷ്യ'യെന്നു പേരുള്ള ഒളശയിലെ വീട്ടിലെത്തി . തൊണ്ണൂറുകളിലേക്ക് കടക്കുന്ന മരട് ജോസഫ് , തോപ്പിൽ ആന്റോ പി.കെ മേദിനി അടക്കം പ്രമുഖർ അനാരോഗ്യം വകവെക്കാതെയാണ് എൻ.എൻ.പിള്ളയുടെ ഓർമകൾ ഓടികളിക്കുന്ന വീട്ടിലെത്തിയത്. എൻ.എൻ പിള്ളയുടെ മരണ സമയമായ ഉച്ചക്ക് 1.20ന് എല്ലാവരും ചേർന്ന് സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ചു.

എൻ.എൻ.പിള്ളയുടെ മകനും സിനിമാതാരവുമായ വിജയരാഘവൻ പറയുന്നു,

" അച്ഛൻ മരിച്ചാൽ മൃതദേഹം എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോൾ വെട്ടിമൂടുകയോ ചുട്ടു കരിക്കുകയോ ഇഷ്ടം പോലെ എന്നാണ് പറഞ്ഞത് . മ‌ൃതദേഹം ദഹിപ്പിച്ചിടത്ത് സ്മൃതി മണ്ഡപം തീർത്തത്. പണ്ട് പ്രസിലെ നോട്ടീസിന് എഴുതി തന്ന വരികളായിരുന്നു 'എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ എന്നാരംഭിക്കുന്ന കവിത.അതാണ് സ്മൃതി മണ്ഡപത്തിൽ എഴുതിവെച്ചത്. എന്റെ ഏറ്റവും വലിയ സുഹൃത്തായിരുന്ന അച്ഛനാണ് ആറേഴ് വയസുള്ളപ്പോൾ ആദ്യം മദ്യം ഒഴിച്ചു തന്നത് . എനിക്ക് കിട്ടിയ ആദ്യ പ്രേമലേഖനം ആദ്യം വായിച്ചതും അച്ഛനായിരുന്നു . ജീവിതത്തെ നേരിടാനും എന്തും തിരിച്ചറിയാനും പകർന്നു തന്ന കഴിവായിരുന്നു. പന്ത്രണ്ടാം വയസിൽ നാടക നാടനായതും മുപ്പത്തേഴു വർഷമായി സിനിമാ രംഗത്ത് തുടരുന്നതിനും കാരണം ....ഇത്രയും പറഞ്ഞപ്പോൾ ഓർമകളിൽ മുങ്ങിപൊങ്ങി വിജയരാഘവന്റെ കണ്ഠമിടറി..

ഭർത്താവ് മരിച്ചു ജീവിതം വഴിമുട്ടിയപ്പോൾ വിശ്വകേരള കലാസമിതിയിൽ പാടിക്കാൻ പിള്ളസാർ കൊണ്ടു വന്നില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെയെന്ന് പി.കേ മേദിനി പറഞ്ഞു.

ആർട്ടിസ്റ്റ് സുജാതൻ ,സംവിധായകൻ ജോഷിമാത്യു, ആത്മയുടെ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ എൻ.എൻ.പിള്ള സ്മരണ പങ്കിടാൻ എത്തിയിരുന്നു. വൈകിട്ട് കുടയംപടി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കവിയൂർ പൊന്നമ്മക്ക് എൻ.എൻ.പിള്ള പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങും നടന്നു.