പാലാ : ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ പുതിയ തീരുമാനം സത്യത്തിനേ വിജയമുണ്ടാവൂ എന്നതിനു തെളിവാണെന്ന് മുൻ ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻനമ്പൂതിരി പറഞ്ഞു. കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാലത്തിനോടനുബന്ധിച്ചുള്ള ഇടത്താവളം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ആരുടെയൊക്കെയോ താത്പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻഗുരുവായൂർ മേൽശാന്തി ശ്രീഹരി നമ്പൂതിരി തീർത്ഥാടന കാലത്തിന്റെ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തി. അന്നദാന പദ്ധതിയുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി നീലകണ്ഠൻ നമ്പൂതിരി നിർവഹിച്ചു. ദേവസ്വം സെക്രട്ടറി എസ്.ഡി.സുരേന്ദ്രൻ നായർ, ഖജാൻജി ഗോപിനാഥൻ നായർ, സിജു ചെറുകരത്താഴെ എന്നിവർ സംസാരിച്ചു.